തിക്കോടി ഇനി ക്ലീനാവും; പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും എകോപിപ്പിക്കാന്‍ തിക്കോടി പഞ്ചായത്തില്‍ സംയുക്ത യോഗം


തിക്കോടി: ഗ്രാമപഞ്ചായത്തില്‍ ക്ലീന്‍ തിക്കോടി ലവ് തിക്കോടി പദ്ധതിയുടെ ഭാഗമായി യോഗം സംഘടിപ്പിച്ചു. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഹരിതസേനാംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ആരോഗ്യജാഗ്രത 2023 പരിപാടിയും ‘ തിക്കോടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘ക്ലീന്‍ തിക്കോടി ലവ് തിക്കോടി’ പരിപാടിയും ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.

തീരുമാനത്തിന്റെ ഭാഗമായി മാര്‍ച്ച് 28നു മുന്‍പ് വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികള്‍ രൂപീകരിക്കാനും തീരുമാനമെടുത്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടിയുടെ അദ്ദ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ആര്‍.വിശ്വന്‍, കെ.പി.ഷക്കീല, മേലടി സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ ബൈജുലാല്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ അനീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.