സോഷ്യല്‍ മീഡിയ വഴി തെറിവിളിയും അധിക്ഷേപവും; സൈബര്‍ ആക്രമണത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ശ്രീകൃഷ്ണന്റെ ചിത്രം വരക്കുന്നതിലൂടെ പ്രസിദ്ധയായ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലിം
കൊയിലാണ്ടി: ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്നതായി ചിത്രകാരിയായ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീമിന്റെ പരാതി. മുസ്‌ലിം സമുദായത്തില്‍പ്പെട്ട യാഥാസ്ഥിതികരായ ചിലര്‍ രാത്രിയും പകലുമെന്നില്ലാതെ വാട്‌സ്ആപ്പ് വഴിയും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും കമന്റുകളായും തന്നെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും മാനത്തിന് വിലപറയുകയും ചെയ്യുന്നുവെന്നാണ് ജസ്‌ന കൊയിലാണ്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇന്നലെയാണ് ജസ്‌ന ഇതുസംബന്ധിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. ശ്രീകൃഷ്ണന്റേതടക്കം ചിത്രങ്ങള്‍ വരച്ച് വില്‍പ്പന നടത്തിയാണ് ജസ്‌ന കുടുംബത്തെ സഹായിച്ചുപോരുന്നത്. ഈ ചിത്രങ്ങളിലൂടെ അവര്‍ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മതവിശ്വാസത്തിന് എതിരാണെന്നും ‘സ്വര്‍ഗത്തില്‍ പോകണ്ടേ’ എന്നൊക്കെ പറഞ്ഞാണ് ചിലര്‍ തന്നെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതെന്ന് ജസ്‌ന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ചിത്രങ്ങള്‍ വില്‍ക്കുന്നതിനുള്ള സൗകര്യത്തിനായി ഒന്നര വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്ന് ജസ്‌ന വ്യക്തമാക്കി. താന്‍ ഒരുമതത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തിയിട്ടില്ലെന്നും ജീവനുള്ളിടത്തോളം കാലം ചിത്രം വരയ്ക്കുന്നത് തുടരുമെന്നും ജസ്‌ന വ്യക്തമാക്കി.