കൊയിലാണ്ടി നഗരസഭയിലെയടക്കം വന്‍കിട മാലിന്യകേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; 1,25,000 രൂപ പിഴയീടാക്കി


കോഴിക്കോട്: ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയില്‍ മാലിന്യം ഉല്‍പാദിപ്പിക്കപ്പെടുന്ന വന്‍കിട സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങള്‍ മിന്നല്‍ പരിശോധന നടത്തി. കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര, മുക്കം, കൊടുവള്ളി, രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊയിലാണ്ടി നഗരസഭകളിലും വാണിമേല്‍, അഴിയൂര്‍, തിക്കോടി, ചെങ്ങോട്ടുകാവ്, കുരുവട്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് പരിശോധന നടത്തിയത്.

രണ്ട് ടീമായാണ് ഉദ്യോഗസ്ഥര്‍ പ്രതിദിനം 100 കിലോ മാലിന്യം ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ ഉപയോഗം, മലിനജല സംസ്‌കരണ സംവിധാനം, അജൈവ മാലിന്യ സംസ്‌കരണം, പൊതുശുചിത്വം, ജൈവ മാലിന്യ സംസ്‌കരണം എന്നീ ഘടകങ്ങളാണ് പരിശോധിച്ചത്. ദിവസേന നൂറിലധികം ആളുകള്‍ വന്നുപോകുന്ന സ്ഥലങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടോ എന്ന പരിശോധനയും നടത്തി.

നിയമപ്രകാരം പാലിക്കേണ്ട ശുചിത്വ പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നായി 1,25,000 രൂപ പിഴ ഈടാക്കി. 44 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പിടിച്ചെടുക്കുകയും ചെയ്തു.

ഉറവിട മാലിന്യസംസ്‌കരണം കൃത്യമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. കൂടാതെ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജില്ലാ ഓഫീസ് സൂപ്രണ്ടുമാരായ എ.അനില്‍കുമാര്‍, പി.സി.മുജീബ്, ഹെഡ് ക്ലാര്‍ക്ക് ഷനില്‍കുമാര്‍, ശുചിത്വ മിഷന്‍ റിസോര്‍ഴ്സ് പേഴ്സണല്‍ പ്രനിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സ്റ്റിഫന്‍, ആശതോമസ്, സനല്‍കുമാര്‍, വിജിന, പ്രജിഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

പിഴ സമയബന്ധിതമായി അടച്ചില്ലെങ്കില്‍ റവന്യു റിക്കവറി നടപടിയിലൂടെ തുക ഈടാക്കുമെന്നും തുടര്‍ദിവസങ്ങളില്‍ പരിശോധന വ്യാപിപ്പിക്കുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി.എസ്.ഷിനോ അറിയിച്ചു.