കടത്തനാടൻ മണ്ണിൽ മഹാത്മാവിന്റെ സന്ദർശനത്തിന് തൊണ്ണൂറാണ്ട്; ചരിത്രമുഹൂർത്തത്തിന്റെ ഓർമയിൽ ഒരു വർഷം നീളുന്ന പരിപാടികൾ
വടകര: ഗാന്ധിജിയുടെ വടകര സന്ദർശനത്തി തൊണ്ണൂറാണ്ട്. 1934 ജനുവരി 13 നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് വടകരയുടെ മണ്ണിൽ കാല് കുത്തിയത്. അയിത്തോച്ഛാടനത്തിന്റ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു അദ്ദേഹത്തിന്റെ വടകര സന്ദർശനം
ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുന്നതിനിടെ വടകരയിലെത്തിയ ഗാന്ധിജിക്ക് ഫണ്ടിലേക്ക് പതിനാറ് വയസുകാരിയായ കൗമുദിയും മാണിക്യവും ആഭരണങ്ങൾ സംഭാവന നൽകിയത് തങ്കലിപികളിലെഴുതിച്ചേർക്കപ്പെട്ട ചരിത്രമാണ്.
സദസിനോട് സംവദിച്ച ശേഷം ഗാന്ധിജി സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ കോട്ടപ്പറമ്പിൽ ചക്കര വിൽക്കാനെത്തിയ ഇരിങ്ങൽ പെരിങ്ങാട്ട് കോവുമ്മൽ വേട്ടുവൻകണ്ടി മാണിക്കത്തിന് മറുത്തൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തന്റെ കാതിലെ കൊരണ്ടാണ് അവർ ഗാന്ധിജിക്ക് അഴിച്ചു നൽകിയത്.
കൗമുദി ഗാന്ധിജിക്ക് നൽകിയതാവട്ടെ തന്റെ സ്വർണ വളകളും നെക്ലേസുമായിരുന്നു. ‘നിന്റെ ത്യാഗം നീ ഉപേക്ഷിച്ച ആഭരണങ്ങളേക്കാൾ സത്യസന്ധമാണ്’ എന്ന് ഗാന്ധിജിയുടെ അവരുടെ ഓട്ടോഗ്രാഫിൽ കുറിക്കുകയും അവരുടെ ഈ മാതൃകാപരമായ പ്രവൃത്തിയെക്കുറിച്ച് 1934 ജനുവരി 19 ൽ പ്രസിദ്ധീകരിച്ച ‘ഹരിജനി’ലെ ലേഖനത്തിൽ പരാമർശിക്കുകയുമുണ്ടായി.
കേരളത്തിൽ ആകെ അഞ്ചു തവന്ന സന്ദർശിച്ച ഗാന്ധിജി നാലാം തവണ കടത്തനാടിന്റെ മണ്ണിൽ എത്തിച്ചേർന്നത് വടകരക്കാർക്ക് ഏറെ അഭിമാനത്തോടെ ഓർക്കാനാകുന്ന ചരിത്രത്തിലെ ഒരു ഏടാണ്. അന്ന് ഗാന്ധിജി വടകരയിലെത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാന്നും വാക്കുകൾ കേൾക്കാനും വൻ ജനാവലിയാണ് തടിച്ച് കൂടിയത്.
ഗാന്ധിജിയുടെ വടകര സന്ദർശനത്തിന് തൊണ്ണൂറ് വയസ് പൂർത്തിയാവുമ്പോൾ ഒരു വർഷം നീളുന്ന പരിപാടികളാണ് വടകരയിൽ നടക്കുന്നത്.