കൊല്ലം പിഷാരികാവില്‍ ഉത്സവത്തിനെത്തിയ കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക ലൈസന്‍സിന്റെ പേരില്‍ വന്‍പണപ്പിരിവ് നടത്തിയതായി ആരോപണം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ഉത്സവത്തിന്റെ മറവില്‍ ദേവസ്വത്തിന്റെയും മറ്റും സ്ഥലങ്ങളില്‍ താല്‍ക്കാലികമായി കച്ചവടം ചെയ്യാനെത്തിയവരോട് ചെറുകിട കച്ചവടക്കാരില്‍ നിന്നും താല്‍ക്കാലിക ലൈസസിന്റെ പേരില്‍ വന്‍ തുക മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്തതായി ആരോപണം. ഓരോ കടകളില്‍ നിന്നും കുറഞ്ഞത് അഞ്ഞൂറ് രൂപ മുതലുള്ള തുകയാണ് പിരിച്ചെടുത്തത്.
ഈ വര്‍ഷം ജനുവരി മാസം മുതല്‍ കെ സ്മാര്‍ട്ട് വഴിയാണ് നഗരസഭകള്‍ മുഴുവനും പണം സ്വീകരിക്കുന്നത്. എന്നാല്‍ ഇവിടെ പണം പിരിച്ചശേഷം താല്‍ക്കാലിക റെസിറ്റ് എഴുതി കൊടുക്കുകയാണ് ചെയ്തതെന്നും കച്ചവടക്കാര്‍ പറയുന്നു. താല്‍ക്കാലിക ലൈസന്‍സ് എടുക്കണമെങ്കില്‍ 100 രൂപ അടച്ച് ഫുഡ് സേഫ്റ്റി നല്‍കുന്ന ലൈസന്‍സ് ആണ് വേണ്ടത്. പകരം ഉല്‍സവത്തിനെത്തിയ പാവപ്പെട്ട കച്ചവടക്കാരെ വലിയ രീതിയില്‍ പണം പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
നിയമാനുസൃതം ലൈസന്‍സിനുള്ള പണം പിരിച്ചെടുക്കുകയാണ് ചെയ്തതെന്നാണ് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. സ്ഥാപനത്തിന്റെ ആസ്തി അനുസരിച്ച് അഞ്ഞൂറ് രൂപ ലൈസന്‍സിനായി ഈടാക്കിയിട്ടുണ്ട്. ഇത് എല്ലാവര്‍ഷവും ചെയ്യാറുള്ളതാണെന്നുമാണ് നഗരസഭ പറയുന്നത്.
കെ.സ്മാര്‍ട്ട് വഴി പണം സ്വീകരിക്കാതിരുന്നത് ഫീല്‍ഡില്‍ കെ.സ്മാര്‍ട്ട് ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടാവാമെന്നും നഗരസഭ പിരിച്ചെടുത്ത പണം കെസ്മാര്‍ട്ട് വഴി അടച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.