ചായയ്ക്കും പലഹാരങ്ങള്‍ക്കും അമിതവില; കുറ്റ്യാടിയിലെ അഞ്ച് ഹോട്ടലുകളില്‍ സപ്ലൈ ഓഫീസറുടെ പരിശോധന


കുറ്റ്യാടി: ചായക്കും പലഹാരങ്ങള്‍ക്കും അമിതവില ഈടാക്കുന്നതായ പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും കുറ്റ്യാടി ടൗണിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി. ഫോണിലൂടെയും നേരിട്ടും ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു പരിശോധന.

അഞ്ച് ഹോട്ടലുകളിലാണ് പരിശോധധന നടത്തിയത്. പരിശോധനയില്‍ ചായക്ക് രണ്ട് മുതല്‍ മൂന്നുരൂപവരെ വില വര്‍ധിപ്പിച്ചത് കണ്ടെത്തി. ഇത് എടുത്തുകളഞ്ഞ് പത്ത് രൂപയ്ക്ക് ചായവില്‍ക്കാമെന്ന് ചില ഹോട്ടലുകാര്‍ സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. ഒരു ഹോട്ടലില്‍ അനുമതിയില്ലാതെ സാധനങ്ങള്‍ പാക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പരിശോധന നടന്ന ഹോട്ടലുടമകള്‍ക്ക് ആര്‍ക്കും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. സര്‍ട്ടിഫിക്കറ്റ് ഉടന്‍ എടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ചില ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. വെള്ളിയാഴ്ച മുതല്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചുമാത്രമേ കച്ചവടം നടത്താവൂവെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ തുടര്‍നടപടികള്‍ക്കായി ലീഗല്‍ മെട്രോളജി വകുപ്പിനെ അറിയിക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി.സജീവന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ടി.വി.നിജിന്‍, കെ.പി.കുഞ്ഞിക്കൃഷ്ണന്‍, കെ.കെ.ശ്രീധരന്‍, ടി.എം.വിജീഷ്, ജീവനക്കാരായ കെ.പി.ശ്രീജിത് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.