കൊയിലാണ്ടി ഹാര്‍ബറില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; നാല് ബോക്‌സുകളിലായി സൂക്ഷിച്ച അമോണിയം കലര്‍ന്ന 130കിലോ തെരണ്ടി പിടിച്ചെടുത്ത് നശിപ്പിച്ചു
കൊയിലാണ്ടി: ഹാര്‍ബറില്‍ ഇന്ന് പുലര്‍ച്ചെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പരിശോധനയില്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന 130കിലോ പഴകിയ തെരണ്ടി പിടിച്ചെടുത്ത് നശിപ്പിച്ചു.
നാല് ബോക്‌സുകളിലായാണ് തെരണ്ടി ഹാര്‍ബറിലെത്തിച്ചത്. ഹാര്‍ബറിലേക്ക് ഇത് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഭക്ഷ്യസുരക്ഷാ വിഭാഗം മൊബൈല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ തെരണ്ടിയില്‍ അമോണിയത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ മുമ്പില്‍ വീണ്ടും പരിശോധന നടത്തി അമോണിയം കലര്‍ന്നകാര്യം ബോധ്യപ്പെടുത്തിയശേഷം അവരുടെ ചെലവില്‍ നശിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മത്സ്യം സുരക്ഷിതമായ കേന്ദ്രത്തില്‍ നിന്നേ എത്തിക്കാവൂവെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
28 മത്സ്യസാമ്പിളുകളാണ് പരിശോധിച്ചത്. ഇതിന് പുറമേ ഹാര്‍ബറില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച രണ്ട് കാന്റീനുകള്‍ക്ക് നോട്ടീസ് നല്‍കി. ഹാര്‍ബര്‍ തൊഴിലാളികളുടെ കുടിവെള്ള സ്രോതസ്സില്‍ ബാക്ടീരിയയുടെ അംശമുണ്ടെന്ന സംശയം അറിയിച്ച സാഹചര്യത്തില്‍ കുടിവെള്ള സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
ഏഴംഗ സംഘമാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ വിജി, നോഡല്‍ ഓഫീസര്‍ അര്‍ജുന്‍, അസിസ്റ്റന്റ് അരവിന്ദ് ടി.എന്‍, സായൂജ്, ലാബ് ജീവനക്കാരായ ശശീന്ദ്രന്‍, സ്‌നേഹ, സീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.