താമരശ്ശേരി, അരിക്കുളം, മുത്താമ്പി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്കായി പുതിയ ബസ്സ്റ്റാന്റ് സ്ഥാപിക്കാന്‍ സ്ഥലമെടുപ്പിന് പ്രാരംഭ നടപടി സ്വീകരിക്കും; കൊയിലാണ്ടി നഗരസഭയുടെ പത്ത് ബജറ്റ് ഹൈലൈറ്റുകള്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 1,383,359,459രൂപയുടെ വരവും 1,305,885,000 രൂപയുടെ ചെലവും 77,474,459 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഹൈലറ്റുകള്‍:
1. കൊയിലാണ്ടി നഗരത്തിന്റെ കിഴക്ക് ഭാഗം താമരശ്ശേരി, അരിക്കുളം, മുത്താമ്പി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്കായി പുതിയ ബസ് സ്റ്റാന്റ് സ്ഥാപിക്കുന്നതിന് സ്ഥലമെടുപ്പിന് പ്രരാംഭ നടപടികള്‍ സ്വീകരിക്കും.
2. കൊയിലാണ്ടി നഗരത്തിലെ ദ്രവ, ഖര മാലിന്യ പരിപാലത്തിന് സീവേജ് സെപ്‌റ്റേജ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സഹായത്തില്‍ പദ്ധതി നടപ്പാക്കും.
3. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് കാര്‍ഷികോല്‍പ്പന സംഭരണ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.
4. നടേരി വലിയ മലയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ രണ്ടുകോടി രൂപയുടെ പദ്ധതി നടപ്പാക്കും.
5. സമ്പൂര്‍ണ്ണ നഗര കുടിവെള്ള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ അനുവദിച്ച 120കോടി രൂപയും കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതിയുടെ 21 കോടി രൂപയും ഉള്‍പ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും.
6. നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച 10 കോടിയുടെ പദ്ധതി നടപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കും.
7. നഗരസഭയുടെ പ്രധാന മലിനജല നിര്‍ഗ്ഗമന തോടുകളായ വായനാടി തോട്, വണ്ണാം തോട്, കുത്തംവള്ളിത്തോട്, ആഞ്ഞോളിത്താഴെ-കോളോത്ത് താഴെ തോട്, അരീക്കല്‍ തോട് എന്നിവ പുനരുജ്ജീവിപ്പിച്ച് നവീകരിക്കുന്നതിനും അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് മൂന്നുകോടി രൂപയുടെ പദ്ധതി നടപ്പാക്കും.
8. നഗരസഭയില്‍ ശാസ്ത്രീയമായ അറവുശാല നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കും.
9. കൊയിലാണ്ടി നഗര ഹൃദയത്തില്‍ നിര്‍മാണമാരംഭിച്ച ഷോപ്പിങ് കോംപ്ലെക്‌സ് പ്രവൃത്തി 21.18 കോടി രൂപയില്‍ പൂര്‍ത്തീകരിച്ച് നഗരത്തിന് സമര്‍പ്പിക്കും.
10താലൂക്ക് ആശുപത്രിയില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കും.