അവർ നൃത്തം ചെയ്തു, ഹർഷാരവങ്ങൾ ഉയർത്തി, ത്രീവർണ്ണ പതാക വീശി; സ്വാതന്ത്ര്യ ദിനത്തെ വരവേറ്റ് സ്വാതന്ത്ര്യ കാലത്തിന് സാക്ഷ്യം വഹിച്ച പൊയിൽക്കാവ് യു.പി സ്കൂൾ (വീഡിയോ കാണാം)


പൊയിൽക്കാവ്: 1947 ഓഗസ്റ്റ് പതിനഞ്ചിനു റെഡ് ഫോർട്ടിലെ ലാഹോർ ഗേറ്റിൽ ജവഹർലാൽ നെഹ്‌റു ഇന്ത്യൻ പതാക ഉയർത്തുമ്പോൾ കൊയിലാണ്ടിയിലും ആഘോഷങ്ങളും സന്തോഷവും ഉയർന്നിരുന്നു. അന്ന് അതിനു സാക്ഷ്യം വഹിച്ച് മുപ്പതിന്റെ യൗവ്വനത്തിൽ പൊയിൽക്കാവ് യു.പി സ്കൂളുമുണ്ടായിരുന്നു. 75 വർഷത്തെ സ്വാതന്ത്ര്യ ദിന സ്മരണകൾ പുതുക്കി 105 വർഷം പിന്നിടുന്ന പൊയിൽക്കാവ് സ്കൂളിൽ ആഘോഷങ്ങൾക്ക് ആരംഭം.

ബഹുസ്വരം ത്രിവർണ്ണം, ഇന്ത്യ എൻ്റെ രാജ്യം എന്ന പരിപാടിയോടെ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമിട്ടു. 200 ഓളം മീറ്റർ നീളത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും സ്വന്തം പേരും കൈയ്യൊപ്പും ചേർത്ത ത്രിവർണ പതാക കൊണ്ട് സ്കൂൾ കെട്ടിടം മുഴുവൻ അലങ്കരിച്ചു. ഒന്ന്, രണ്ട് ക്ലാസിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത ഫ്രീഡം ബേബീസ് സംഗീതനൃത്തചുവടുകൾ അമൃതവർഷത്തിന് വർണ്ണം കൂട്ടി. സ്വാതന്ത്ര്യസമര സേനാനികളുടെ പ്രൊഫൈൽ എക്സിബിഷൻ, ക്ലാസ്സ് തല ദേശീയ ഗാനാലാപന മത്സരം എന്നിവയും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് ചെയർമാൻ ബേബി സുന്ദർരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രജിലേഷ് ആർ.വി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന കുന്നുമ്മൽ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് രോഷ്നി ആർ സ്വാഗതവും കെ സുധീർ നന്ദിയും പറഞ്ഞു.

വീഡിയോ കാണാം: