പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ റോഡരികിലിട്ട് കത്തിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാര്‍


പയ്യോളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോയി തീയിട്ട് നശിപ്പിച്ചു. പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ സജിത്ത് എന്നയാളുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്‌. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. പുതിയോട്ടില്‍ ഫഹദ് (31) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ 2മണിയോടെയാണ് സംഭവം. സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 56 വൈ 4308 നമ്പറിലുള്ള സ്‌കൂട്ടര്‍ ഫഹദ് തള്ളിക്കൊണ്ട് പോയി കതിരാറ്റില്‍ ഹൈവേ ലിങ്കിലെ റോഡരികില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.

തീ കത്തുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തി ഇയാളെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ വിവരം അറിയിച്ചു. സ്‌റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനാവുകയും സ്റ്റേഷനിലെ ഗ്ലാസ് ഡോര്‍ അടിച്ചു തകര്‍ത്തുവെന്നുമാണ് വിവരം.

അക്രമത്തില്‍ കൈയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവാവ്‌ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കെതിരെ സ്‌കൂട്ടര്‍ കത്തിച്ചതിനും സ്‌റ്റേഷനിലെ ഗ്ലാസ് തകര്‍ത്തതിനും പയ്യോളി പോലീസ് കേസെടുത്തു.

Description: In Payyoli, the scooter was burnt by the roadside; Locals chased the local youth and caught him