കോഴിക്കോട് ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ മറന്നുവെച്ച സംഭവം: നഷ്ടപരിഹാരം കിട്ടിയേ തീരൂവെന്ന് യുവതി, പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഫോണില്‍ വിളിച്ച് അനുനയിപ്പിച്ച് ആരോഗ്യമന്ത്രി


കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് യുവതി രംഗത്തുവന്നതോടെ അനുനയിപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരാതിക്കാരിയായ ഹര്‍ഷിനയെ മന്ത്രി ഫോണില്‍ നേരിട്ടുവിളിച്ചു.

ഹര്‍ഷിനക്കൊപ്പംതന്നെയാണ് സര്‍ക്കാറുള്ളതെന്നും നേരത്തെ ലഭിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ മൂന്നാഴ്ചമുമ്പ് വിശദമായ ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ഹര്‍ഷിനയെ അറിയിച്ചു.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് വീണ്ടും യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമാവുന്നത് വരെ ഇവിടെനിന്ന് മടങ്ങില്ലെന്ന് യുവതി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

തന്റെ പ്രയാസങ്ങളെല്ലാം ഹര്‍ഷിന മന്ത്രിയോട് വിശദമായി പറഞ്ഞു. നീതി കിട്ടാന്‍ വൈകുന്നതിലുള്ള പ്രതിഷേധവും അറിയിച്ചു. ‘ഇപ്പോഴും ശാരീരികപ്രയാസങ്ങളുണ്ട്. നട്ടെല്ലിന് വേദനയുണ്ട്. സ്‌കാനിങ്ങിനും എക്‌സ്‌റേക്കുപോലും കൈയില്‍ പണമില്ല. മൂന്ന് മക്കളെ നോക്കാന്‍ മറ്റാരുമില്ല. സംഭവം കണ്ടെത്തി മൂന്നുമാസം കഴിഞ്ഞിട്ടും എവിടെനിന്നും ഉത്തരം കിട്ടുന്നില്ല. താന്‍ കിടപ്പായതിനാല്‍ ഭര്‍ത്താവിന് ജോലിക്ക് പോകാനാവുന്നില്ല. അതിനാല്‍ നഷ്ടപരിഹാരം കിട്ടിയേ തീരൂ” -ഹര്‍ഷിന മന്ത്രി വീണ ജോര്‍ജിനോട് പറഞ്ഞു.

എല്ലാത്തിനും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന മറുപടി മന്ത്രി ആവര്‍ത്തിച്ചു. അതേസമയം ഭര്‍ത്താവിന്റെ ബന്ധുവിന്റെ മരണത്തെതുടര്‍ന്ന് ഹര്‍ഷിന തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു.

അഞ്ചുവര്‍ഷം മുമ്പാണ് കോഴിക്കോട് മെഡി. കോളജിലെ ഐ.എം.സി.എച്ചില്‍ അടിവാരം സ്വദേശിനി ഹര്‍ഷിന സിസേറിയന് വിധേയയായത്. അതിനുശേഷം പലതരം ശാരീരികാസ്വസ്ഥതകള്‍ അനുഭവിച്ചു. മൂത്രാശയസംബന്ധമായ കടുത്ത പ്രയാസങ്ങള്‍ വന്നപ്പോള്‍ മൂന്നുമാസം മുമ്പ് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണമായ ഫോര്‍സെപ്‌സ് മൂത്രസഞ്ചിയില്‍ ആഴ്ന്നുകിടക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഐ.എം.സി.എച്ചില്‍നിന്നുതന്നെയാണ് ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. എന്നാല്‍ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ ഉപകരണം ഐ.എം.സി.എച്ചിലേത് അല്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.