ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നേരെ മര്‍ദ്ദനം; അക്രമാസക്തരായ യൂത്ത് ലീഗ് പ്രവർത്തകരെ പിന്തുണച്ച കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷാക്കെതിരെ പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്ഐ


കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ നേതാക്കളെ ക്രൂരമായി മർദ്ദിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പിന്തുണയ്ക്കുകയും നേതാക്കള്‍ക്ക് നേരെ മര്‍ദ്ദനമഴിച്ച് വിടുകയും ചെയ്ത കൂരാച്ചുണ്ട് എസ്.ഐ അൻവർ ഷാക്കെതിരെ പ്രതിഷേധമിരമ്പി. സംഭവത്തില്‍  പ്രതിഷേധിച്ച്‌ കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി. ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി.സരുൺ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് നടന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ യൂത്ത് ലീഗ് ഗുണ്ടാ സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ മേഖല സെക്രട്ടറി ജസ്റ്റിൻ ജോൺ, ട്രഷറർ മേൽജോ അഗസ്റ്റിൻ, അനിറ്റ് മുറിഞ്ഞകല്ലേൽ, സെവിനേഷ്, ധനശ്യാം എന്നിവർക്ക് പരിക്ക് പറ്റി. അടിച്ച് നിലത്ത് വീഴ്ത്തി വീണ്ടും വളഞ്ഞിട്ട് അടിച്ചതിനെ തുടര്‍ന്ന് തലക്ക്ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജസ്റ്റിൻ ജോണിനെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിൽ നിന്നും വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം നടന്ന  ടൂർണമെന്റ്നിടയിൽ കക്കയത്തെ ഡിവൈഎഫ്ഐ പ്രവർത്തകർക്കും  മർദ്ദനമേറ്റിരുന്നു. സംഘർഷാവസ്ഥ പരിഹരിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാക്കളെ പോലും യൂത്ത് ലീഗ് പ്രവർത്തകരുടെ പക്ഷം ചേർന്ന് കൂരാച്ചുണ്ട് പോലീസ് സബ് ഇൻസ്‌പെക്ടർ അൻവർഷാ ഏകപക്ഷീയമായി മർദ്ദനത്തിനിരയാക്കിയതായി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കൂരാച്ചുണ്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകളാണ് അണിനിരന്നത്. പ്രതിഷേധ യോഗത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം വി.കെ ഹസീന സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് വി.എസ് സോണറ്റ് അദ്ധ്യക്ഷനായി. സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം വി.ജെ സണ്ണി, സി.പി.എം കൂരാച്ചുണ്ട് ലോക്കൽ സെക്രട്ടറി കെ.ജി അരുൺ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ആർ.കെ.ഫെബിൻ ലാൽ എന്നിവർ സംസാരിച്ചു.