മൂന്നുപതിറ്റാണ്ടിലേറെയായി ആരാധകര്‍ കൊതിക്കുന്ന ആ സ്വപ്‌നനിമിഷത്തിലേക്കോ അര്‍ജന്റീനിയന്‍ യാത്ര? പാഴാക്കിയ പെനാല്‍റ്റി 1978ലെയും 1986ലെയും ചരിത്രത്തിന്റെ ആവർത്തനമോ, ലോകകപ്പ് അർജന്റീനയ്ക്ക് തന്നെയെന്ന് ആരാധകർ
ദോഹ: ”ഞാന്‍ പാഴാക്കിയ ആ പെനാല്‍ട്ടിയോടെയാണ് എന്റെ ടീം കുറേക്കൂടി ശക്തരായി തിരിച്ചുവന്നത്” ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ പോളണ്ടിനെതിരായ നിര്‍ണായ മാച്ചില്‍ പെനാള്‍ട്ടി പാഴാക്കിയതിനെക്കുറിച്ച് അര്‍ജന്റീനിയന്‍ നായകന്റെ വാക്കുകളാണിത്. പെനാല്‍ട്ടി നഷ്ടപ്പെട്ടതോടെ എന്തുവന്നാലും ഈ മത്സരം ജയിച്ചേ തീരൂവെന്ന നിശ്ചയത്തോടെ ടീം കൂടുതല്‍ ആക്രമിച്ച് കളിച്ചതിനാലാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായത് എന്നര്‍ത്ഥത്തിലാണ് മെസി ഇങ്ങനെ പറഞ്ഞതെങ്കിലും ചില മുന്‍കാല ചരിത്രങ്ങള്‍ ചേര്‍ത്തുപിടിച്ച് ഇതൊരു ശുഭസൂചനയായി കണക്കാക്കുന്ന ആരാധകരുണ്ട്.
പോളണ്ടിനെതിരെ മെസി പാഴാക്കിയ പെനല്‍റ്റി അര്‍ജന്റീനയുടെ കിരീടധാരണത്തിലേക്കുള്ള സൂചനയാവാം എന്നാണ് അര്‍ജന്റീനിയയുടെ മുന്‍കാല ചരിത്രം ഏടുത്ത് പറഞ്ഞ് ആരാധകര്‍ കുറിക്കുന്നത്. ഇങ്ങനെ പറയാന്‍ കാരണമുണ്ട്, അര്‍ജന്റീന മുത്തമിട്ട രണ്ട് ലോകകപ്പുകളിലും പ്രാഥമിക റൗണ്ടില്‍ അവസാന മത്സരത്തില്‍ നായകന്മാര്‍ പെനല്‍റ്റി പാഴാക്കിയിരുന്നു.
1978, 1986 വര്‍ഷങ്ങളിലായിരുന്നു ലോകകപ്പ് കരീടം അര്‍ജന്റീന ഉയര്‍ത്തിയിരുന്നത്. 1978ലെ ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നായകനായിരുന്ന മരിയോ കെംപസ് പെനല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. ആ വര്‍ഷം അര്‍ജന്റീന കനകക്കിരീടത്തില്‍ മുത്തമിട്ടു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതുപോലൊന്ന് വീണ്ടും സംഭവിച്ചു. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയത് ഡിയാഗോ മറഡോണയും. 1978ലും 86ലും കെംപസും മറഡോണയും ടീമിന്റെ വിജയത്തില്‍ നിര്‍ണായക ഘടകങ്ങളായിരുന്നു. മികച്ച ഫോമിലായിരുന്ന ഇരുവരും ടീമിനായി നിര്‍ണായക ഘട്ടങ്ങളില്‍ ഗോളുകള്‍ നേടിയിരുന്നു.
ആ വര്‍ഷവും കപ്പ് അര്‍ജന്റീനക്ക്. ഇത്തവണയും പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നായകന്‍ മെസി പെനല്‍റ്റി പാഴാക്കി. ചരിത്രം ആവര്‍ത്തിച്ചാല്‍ ഖത്തറില്‍ മെസിപ്പട കപ്പ് ഉയര്‍ത്തും. അങ്ങനെയെങ്കില്‍ മൂന്നുപതിറ്റാണ്ടിലേറെയായി അര്‍ജന്റീനിയന്‍ ടീമും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരും സ്വപ്‌നം കാണുന്ന ചരിത്രനിമിഷമാകും അത്.
അതേസമയം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തുന്ന അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ആസ്ട്രേലിയയാണ് നേരിടേണ്ടത്. ഡിസംബര്‍ നാല് ഞായറാഴ്ചയാണ് മത്സരം. സൗദിയ്‌ക്കെതിരായ തോല്‍വി വലിയ ക്ഷീണമുണ്ടാക്കിയെങ്കിലും ഗ്രൂപ്പില്‍ മെക്‌സികോക്കും പോളണ്ടിനും എതിരെ നേടിയ ആധികാരിക വിജയം അര്‍ജന്റീനയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ്.