‘ടീച്ചറേ നമ്മള്‍ ജയിക്കും’; രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം കെ.കെ ഷൈലജ ടീച്ചറെ കാത്ത് കൊയിലാണ്ടി സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം,ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ ടീച്ചറെ വരവേറ്റ് കൊയിലാണ്ടിയില്‍ വന്‍ ജനക്കൂട്ടം. 17 സ്വീകരണ കേന്ദ്രങ്ങളിലായി നൂറുകണക്കിന് ആളുകളാണ് ടീച്ചറെ കാണാനും സംസാരിക്കാനുമായി എത്തിയത്.
രാവിലെ 8.30 ന് വെങ്ങളം കല്ലടത്താഴ മുതല്‍ ആരംഭിച്ച പ്രചാരണം രാത്രി കോട്ടക്കില്‍ അവസാനിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വലിയ വര്‍ണാഭമായ സ്വീകരണമാണ് ഒരുക്കിയത്. വിഷു ആഘോഷങ്ങള്‍ അടുത്തുവന്നതോടെ പെരുവട്ടൂര്‍ സ്വീകരണ കേന്ദ്രത്തില്‍ നിന്നും ഒരുകുട്ട പഴവും ജൈവ പച്ചക്കറികളും കണിക്കൊന്നകളും കര്‍ഷകര്‍ ടീച്ചര്‍ക്കായി നല്‍കി.
പുറക്കാട് നിന്നും കൊച്ചു കുട്ടികള്‍ വരച്ച ടീച്ചറുടെ പടവും പൂച്ചെണ്ടുകളും സ്റ്റേജില്‍ വച്ച് ടീച്ചര്‍ക്ക് നേരിട്ട് സമ്മാനിച്ചു. ഇല്ലത്ത് താഴെ സ്വീകരണ കേന്ദ്രത്തില്‍ നിന്നും അഴകോല്‍ കളി, കാവടിയാട്ടം, കണക്കൊന്നയും മോഹിനിയാട്ട വേഷങ്ങളും ബാന്‍ഡ് അകമ്പടികളോടുകൂടി നിരവധി പെണ്‍കുട്ടികളാണ് ടീച്ചറെ വരവേറ്റത്. മുതിരക്കാല്‍ മുക്ക് സ്വീകരണ കേന്ദ്രത്തിലേക്ക് മുത്തുക്കുടകളും ആരവങ്ങളോടെയാണ് ടീച്ചറെ സ്വീകരിച്ചത്. നന്തി ടൗണിലെ സ്വീകരണ കേന്ദ്രത്തില്‍ നിന്നും കൊച്ചുകുട്ടി ‘ടീച്ചറേ നമ്മള്‍ ജയിക്കും’ എന്ന അടിക്കുറിപ്പോടെയുളള പടം സ്റ്റേജില്‍ വച്ച് സമ്മാനിച്ചത് ഏറെ ശ്രേദ്ധേയമായി.
പുളിയഞ്ചേരി സ്വീകരണ കേന്ദ്രത്തില്‍ നിന്നും മുത്തുക്കുടകളാലും നാസിക്‌ഡോള്‍, ബലൂണുമേന്തി കുട്ടികളുടെയും മറ്റും അകമ്പടിയോടെയാണ് ടീച്ചറെ സ്വീകരിച്ചത്. ഞാണം പൊയില്‍ സ്വീകരണകേന്ദ്രത്തില്‍ നിന്നും ടീച്ചര്‍ക്കായി പച്ചക്കറികളും പഴങ്ങളും കര്‍ഷകര്‍ സമ്മാനിച്ചു. എളിയടത്ത് മുക്കില്‍ നിന്നും നാസിക്‌ഡോളും മുത്തുക്കുടകളുമേന്തി ആഘോഷത്തോടെ നാട് ടീച്ചറെ വരവേറ്റു. ചേലിയ പറയന്‍കുഴിയില്‍ വഴിയോരങ്ങളിലായി ടീച്ചര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി സ്ത്രീകളും കുട്ടികളും ആണ് എത്തിയത്. കൊളക്കാട്, വെങ്ങളം കല്ലട സ്വീകരണ കേന്ദ്രങ്ങളിലും കെ.കെ ഷൈലജ ടീച്ചര്‍ക്കായി സ്‌നേഹ സമ്മാനങ്ങളുമായി നിരവധി ആളുകളാണ് പൊരിവെയിലത്തും കാത്ത് നിന്നത്.
കൊളക്കാട്, ചേലിയ പറയന്‍കുഴി, 10മണിക്ക് ഞാണം പൊയില്‍, 10.30 ന് ഇ.എം.എസ് കോര്‍ണര്‍, 11 മണിക്ക് പെരുവട്ടൂര്‍, 1.30ന് എളയടത്ത് മുക്ക്, 3മണിക്ക് ഇല്ലത്ത് താഴ, 3:30 ന് പുളിയഞ്ചേരി, 4 മണിക്ക് ഹില്‍ബസാര്‍, 4:30 ന് നന്തി ടൗണ്‍, 5മണിക്ക് മുതിരക്കാല്‍ മുക്ക്, 5.30: പുറക്കാട്, 6മണിക്ക് കീഴൂര്‍, 6.30 ന് പാലേരിമുക്ക്, 7 മണിക്ക് ഇരിങ്ങല്‍, 7.30 ന് കോട്ടക്കല്‍ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം ഒരുക്കിയത്.