ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു, കോഴിക്കോട് ബെെക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു


കോഴിക്കോട്: ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ.എം.ജി.ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന്‍ തോമസ് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നു. രാവിലെയോടെയാണ് മരിച്ചത്. മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ജില്ലയിലെ മലയോര മേഖലകളിലുൾപ്പെടെ ഇപ്പോഴും ഇടവിട്ട കനത്ത മഴ തുടരുകയാണ് ഇന്നലെ രാത്രി മുക്കത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി ഫയർഫോഴ്സ് ഗതാഗതം പുനസ്ഥാപിച്ചു. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം തകരാറിലാണ്.

പേരാമ്പ്ര മേഖലയിലും കനത്ത മഴയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും പുറമേരിയിൽ തെങ്ങും കവുങ്ങും വീണ് വീട് തകർന്നിരുന്നു. ജില്ലയിലെ വിവിധ മേഖലകളിൽ മഴക്കെടുതി തുടരുകയാണ്. കടൽ പ്രക്ഷുഭതമായതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടുക്കി ഏലപ്പാറക്കടുത്ത് കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് പുറകിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷൻ 13 മുറി ലയത്തിൽ രാജുവിന്‍റെ ഭാര്യ പുഷ്പയാണ് മരിച്ചത്. പുലർച്ചെ നാലുമണിക്ക് ലയത്തിന് പുറത്തെ അടുക്കളയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

ചിത്രം പ്രതീകാത്മകം