വോട്ട‍ര്‍ പട്ടികയില്‍ പേരുണ്ടോ? വോട്ടു ചെയ്യേണ്ടത് എങ്ങനെയെന്നും നോക്കാം


കോഴിക്കോട്: ഇന്ത്യയെ ഇനി ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് രാജ്യം മുഴുവൻ. വടകരയിൽ ഉൾപ്പെടെ കേരളത്തിൽ രം​ഗത്തുള്ള അന്തിമ സ്ഥാനാർത്ഥികളുടെ പട്ടികകളും ചിഹ്നങ്ങളും പുറത്തുവന്നു കഴിഞ്ഞു. വിവിധ ഘട്ടങ്ങളായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19-ാം തിയതി ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 26-ന് രണ്ടാം ഘടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ്.

വോട്ട് ചെയ്യാന്‍ ആദ്യം വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് മനസിലാക്കുകയാണ് വേണ്ടത്. വളരെ എളുപ്പത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് കണ്ടെത്താം. ഇത് മുതല്‍ പോളിംഗ് സ്റ്റേഷനില്‍ വോട്ടിംഗ് ദിനം ചെയ്യേണ്ട നടപടിക്രമങ്ങള്‍ വരെയുള്ള എല്ലാ കാര്യങ്ങളും ലളിതമായി സമഗ്ര വീഡിയോയിലൂടെ പൊതുജനങ്ങളെ അറിയിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം. നിങ്ങളുടെ പോളിംഗ് ബൂത്ത് എങ്ങനെ തിരിച്ചറിയാം. വോട്ട് ചെയ്യാനായി ബൂത്തിലെത്തുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം. ഏതൊക്കെ അംഗീകൃത തിരിച്ചറിയല്‍ രേഖകളാണ് വോട്ടിംഗിനായി ഉപയോഗിക്കാന്‍ കഴിയുക. പോളിംഗ് ബൂത്തില്‍ എന്തൊക്കെയാണ് നടപടിക്രമങ്ങള്‍. എങ്ങനെയാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ട് രേഖപ്പെടുത്തപ്പെട്ടോ എന്ന് എങ്ങനെ അറിയാം… തുടങ്ങിയ വിവരങ്ങളാണ് വീഡിയോയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഗ്രാഫിക്സുകളുടെ സഹായത്തോടെ വിവരിച്ചിരിക്കുന്നത്.

[mi3]

പതിനെട്ടാം ലോക്സഭയിലേക്ക് ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 543 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ. ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയും പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 97 കോടിയോളം വോട്ട‍ര്‍മാരാണ് ഇക്കുറി സമ്മതിദാനം വിനിയോഗിക്കാന്‍ യോഗ്യരായുള്ളത്.