ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു; മരളൂരില്‍ വീടുകള്‍ വെള്ളക്കെട്ടില്‍


കൊയിലാണ്ടി: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് മരളൂര്‍ ഭാഗത്ത് വെള്ളക്കെട്ട്. പ്രദേശത്തെ അഞ്ചോളം വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്.

മരളൂര്‍ പുതുക്കുടി താഴ പ്രദേശത്താണ് സംഭവം. മഴ കനത്തതോടെ ഇവിടെ നിന്നും വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. നേരത്തെ മഴ വെള്ളം ഒഴുകി ഓവുപാലം വഴി ചാലിയിലേക്ക് പോകുമായിരുന്നു. എന്നാല്‍ ഇവിടം മണ്ണിട്ട് നികത്തിയതോടെ വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്.

വരുംദിവസങ്ങളില്‍ മഴ ശക്തിപ്പെട്ടാല്‍ കൂടുതല്‍ വീടുകള്‍ മുങ്ങുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എന്‍.എച്ച്. അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്ന് സ്ഥലത്തെത്തി മണ്ണ് മാറ്റി വെള്ളം ഒഴുകാനുള്ള സംവിധാനമുണ്ടാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി പ്രദേശവാസികള്‍ പറഞ്ഞു.

മഴ തുടങ്ങുന്നതിനു മുമ്പുതന്നെ വെള്ളക്കെട്ട് സാധ്യത മുന്നില്‍ കണ്ട് പ്രശ്‌നപരിഹാരത്തിന് ദേശീയപാത അധികൃതരെ സമീപിച്ചിരുന്നതായി പ്രദേശത്തെ കൗണ്‍സിലറായ രാജീവന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൊല്ലം ചിറ ഭാഗത്തുനിന്നടക്കമുള്ള വെള്ളം ഇതുവഴിയാണ് ഒഴുകിപ്പോകുന്നത്. വെള്ളം ഒഴുകിപ്പോയിരുന്ന തോട് ദേശീയപാത പ്രവൃത്തികള്‍ക്കുള്ള വാഹനം കടന്നുപോകുന്നതിനായി മണ്ണിട്ട് നികത്തിയതാണ് പ്രശ്‌നമായത്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ കുടുംബങ്ങളെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.