വീട്ടിലെ തുണികള്‍ക്കും പേപ്പറുകള്‍ക്കും തീപിടിക്കുന്നു; ഭീതികാരണം ബന്ധുവീട്ടിലേക്ക് താമസം മാറി ആര്യനാട് സ്വദേശികള്‍


തിരുവനന്തപുരം: വീട്ടില്‍ കിടക്കുന്ന തുണികള്‍ക്കും പേപ്പറുകള്‍ക്കും തനിയെ തീ പിടിക്കുന്നുവെന്ന പരാതിയുമായി കുടുംബം. തിരുവനന്തപുരം ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി സത്യന്റെ വീട്ടിലാണ് അസ്വാഭാവികമായ സംഭവങ്ങള്‍ നടക്കുന്നത്.

സത്യനും ഭാര്യ സലീനയും മകനും കൊച്ചുമക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞ 15ന് രാത്രി ഒമ്പതുമണിയോടെ അലമാരയിലും സമീപത്തെ ഡ്രസ് സ്റ്റാന്‍ഡില്‍ ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക വരികയും പിന്നാലെ വസ്ത്രങ്ങള്‍ കത്തുകയുമായിരുന്നു. അടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചു. ഇതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത്. ഭയംകാരണം വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്.

വസ്ത്രങ്ങള്‍ വീടിന് പുറത്തിടുമ്പോള്‍ പ്രശ്നമില്ലെന്ന് സത്യന്‍ പറയുന്നു. ഒന്‍പത് മണിയോട് അടുപ്പിച്ചാണ് പതിവായി തീപിടുത്തം ആവര്‍ത്തിക്കപ്പെടുന്നത്. വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന സംശയത്തില്‍ ഇലക്ട്രീഷ്യനെ കൊണ്ടുവന്നും പരിശോധിപ്പിച്ചതായും എന്നാല്‍ വയറിങ്ങിന് തകരാറില്ലെന്ന് പറഞ്ഞതായും സത്യന്‍ പറയുന്നു.

നിഗൂഢത ആവര്‍ത്തിക്കപ്പെട്ടതോടെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. മെമ്പര്‍ വന്നപ്പോഴും വീട്ടില്‍ തുണി കത്തി. വീട്ടുകാരോട് തീപ്പെട്ടിയും ലൈറ്ററും ഒക്കെ എടുത്ത് മാറ്റിവെയ്ക്കാനും ഇതിന് ശേഷം നിരീക്ഷിക്കാനും പഞ്ചായത്ത് അംഗം നിര്‍ദ്ദേശിച്ചു. അന്ന് പ്രശ്നം ഉണ്ടായില്ലെങ്കിലും പിറ്റേന്ന് വീണ്ടും തീപിടിച്ചു.

വിവരം അറിഞ്ഞ് പോലീസും പഞ്ചായത്ത് പ്രസിഡന്റും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവര്‍ വന്ന ദിവസം തീപിടിച്ചില്ലെങ്കിലും പിറ്റേന്ന് വീണ്ടും ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടയിലും തീ പടര്‍ന്നുപിടിച്ചു.

സംഭവത്തില്‍ വീട്ടുകാര്‍ ആര്യനാട് പോലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്.