“ഗ്യാസിന് ഒരു വർഷത്തിനുള്ളിൽ കൂടിയത് ആയിരം രൂപ, പച്ചക്കറികളുടെയും പലചരക്ക് വസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്; ഇതിനനുസരിച്ച് ഹോട്ടൽ ഭക്ഷണത്തിന്റെ വിലവർദ്ധിപ്പിക്കാൻ പറ്റുമോ?”; വിലവർദ്ധനവിൽ വലഞ്ഞ് കൊയിലാണ്ടിയിലെ ഹോട്ടലുടമകൾ
കൊയിലാണ്ടി: അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗമാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ മുതല്‍ പാചകം ചെയ്യാനുള്ള ഗ്യാസ് വരെ സര്‍വ്വ സാധനങ്ങള്‍ക്കും വില വര്‍ധിക്കുമ്പോഴും ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതും ഹോട്ടലുകാര്‍ക്ക് തിരിച്ചടിയാണ്.
കൊയിലാണ്ടിയില്‍ സാധാരണക്കാര്‍ ഭക്ഷണം കഴിക്കാനായി ആശ്രയിക്കുന്ന നിരവധി ഹോട്ടലുകള്‍ ഉണ്ട്. പലരും ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോകുന്നത് വളരെ കഷ്ടപ്പെട്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രതിസന്ധി ഹോട്ടലുടമകള്‍ക്ക് പുറമെ തൊഴിലാളികളെയും സാരമായി ബാധിക്കുന്നുണ്ട്.
‘കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ഗ്യാസിന് ആയിരം രൂപയോളമാണ് കൂടിയത്. ഇപ്പൊ 2360 രൂപ കൊടുത്താലാണ് ഒരു സിലിണ്ടര്‍ കിട്ടുന്നത്. ഗ്യാസിന് വില കുറച്ചാല്‍ തന്നെ ഹോട്ടലുകള്‍ക്ക് വിലക്കയറ്റക്കാലത്ത് വലിയ ആശ്വാസമുണ്ടാകും.’ -കൊയിലാണ്ടി നഗരസഭാ ഓഫീസ് കാന്റീന്‍ നടത്തുന്ന സുകുമാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഗ്യാസിന് മാത്രമല്ല, ചായപ്പൊടി, പാല്, എണ്ണ, പച്ചക്കറി തുടങ്ങി ഹോട്ടലിലേക്ക് ആവശ്യമായ സകല സാധനങ്ങള്‍ക്കും വില കൂടിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതിനനുസരിച്ച് വില വര്‍ധിപ്പിക്കാനുള്ള അനുമതി ഹോട്ടലുകള്‍ക്കില്ല എന്ന നിരാശയും അദ്ദേഹം പങ്കുവച്ചു.
പച്ചക്കറിയുടെ വിലക്കയറ്റമാണ് ഹോട്ടലുകളെ വലയ്ക്കുന്ന മറ്റൊരു കാര്യം. ഹോട്ടലിലേക്ക് മൊത്തക്കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങുന്നതിനാല്‍ ചില്ലറ വില്‍പ്പന ശാലകളിലെക്കാള്‍ അല്‍പ്പം വില കുറവാണ്. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന തക്കാളിക്ക് കഴിഞ്ഞ ദിവസം നൂറ് രൂപയായിരുന്നു മൊത്ത വ്യാപാര വില. ഇന്ന് അത് 90 രൂപയായി കുറഞ്ഞത് നേരിയ ആശ്വാസമായി എന്നും സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
‘നാല് ജോലിക്കാരാണ് ക്യാന്റീനിലുള്ളത്. ചെലവ് കൂടുതലും വരുമാനം കുറവുമായതിനാല്‍ കൂലി കൊടുക്കാന്‍ വരെ ബുദ്ധമുട്ടാണ്. ക്യാന്റീനില്‍ ചായയ്ക്കും കടിക്കുമെല്ലാം 10 രൂപയാണ് വില. ചോറിന് മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ക്ക് 35 രൂപയും പുറത്തുള്ളവര്‍ക്ക് 40 രൂപയുമാണ്. ജീവനക്കാരുടെ കൂലിക്ക് പുറമെ കെട്ടിട വാടക, വൈദ്യുതി, വെള്ളം ഇതിനെല്ലാം പണം കൊടുക്കണം. സാധനങ്ങളുടെ വില ഇങ്ങനെ കൂടുമ്പോള്‍ ഈ നിരക്കില്‍ എത്ര കാലം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അറിയില്ല.’ -സുകുമാരന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തിയാലേ ഹോട്ടല്‍ മേഖലയ്ക്ക് സുഗമമായി മുന്നോട്ട് പോകാന്‍ കഴിയൂ. അവശ്യസാധനങ്ങളുടെ വില കുറയ്ക്കാനും വിലക്കയറ്റത്തിന് അനുസരിച്ച് ഭക്ഷണ വില വര്‍ധിപ്പിക്കാനുമുള്ള നടപടി വേണം. പാചകം ചെയ്യാനുള്ള ഗ്യാസിന് വില കുറയ്ക്കാനുള്ള നടപടിയെങ്കിലും അടിയന്തിരമായി വേണമെന്നും അദ്ദേഹം പറഞ്ഞു.