സൂക്ഷിച്ചോളൂ, മിടിപ്പ് നിലച്ചാല്‍ പണി തീരും; തിരക്കിട്ട ജീവിതത്തിലും ഹൃദയത്തിനായി കരുതാം ആരോഗ്യമുള്ള ജീവിതശൈലി


ഹൃദയം കൈമാറാനും ഹൃദയം നിറഞ്ഞ് സ്നേഹിക്കാനും മിടിച്ച് മിടിച്ച് ജീവനെ മുന്നോട്ട് കൊണ്ടുപോകാനുമെല്ലാം ഒരു സുന്ദരമായ ഹൃദയം വേണ്ടേ?  ശരീരത്തിന്റെ രക്തചംക്രമണ പമ്പായി പ്രവർത്തിക്കുന്ന മാംസപേശികൾ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു അവയവമാണ് ഹൃദയം. മനുഷ്യ ശരീരത്തിൽ നെഞ്ചിന്കൂ‍ടിന് തൊട്ടു പുറകിൽ അല്പം ഇടത് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ അവയവമാണ് രക്തം ശുദ്ധീകരിച്ച്  ധമനികളിലൂടെ ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുകയും അതുവഴി ടിഷ്യൂകൾക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുകയും സിരകളിലൂടെ അശുദ്ധ രക്തം  എടുക്കുകയും ചെയ്യുന്നത്.

ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഇത് കാരണമുള്ള മരണ സംഖ്യയും അടിക്കടി കൂടിവരുന്നതായി കാണാം. നമ്മുടെ പ്രിയപ്പെട്ട സെലിബ്രെറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഹൃദ് രോഗങ്ങളെ തുടര്‍ന്ന് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുന്നത്. അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണ രീതികളും വ്യായാമ രഹിത ജീവിതവുമൊക്കെയാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ തകിടം മറിക്കുന്നത്.

രാവിലെ മുതല്‍ രാത്രിവരെ കസേരയില്‍ കംമ്പ്യൂട്ടര്‍ സിസ്റ്റത്തിനു മുന്നില്‍  ഒരേയിരിപ്പിരിക്കുന്നവരാണ് പുതുതലുറയിലെ ഭൂരിപക്ഷവും. കൃത്യമായ വ്യായാമത്തിന് പോലും സമയം കണ്ടെത്താന്‍ ആര്‍ക്കും സാധിക്കാറില്ല. മാത്രമല്ല വര്‍ദ്ധിച്ചുവരുന്ന ഫാസ്റ്റ്, ജങ്ക് ഫുഡ് സംസ്ക്കാരവും ഹൃദയത്തിന് വെല്ലുവിളിയാകുന്നുണ്ട്.

ആരോഗ്യമുള്ള ഹൃദയത്തിനായി ആ പാവം അവയവത്തോട് ഹൃദയപൂര്‍വം നമ്മള്‍ ചെയ്തുപോരേണ്ട കുറേ കാര്യങ്ങളുണ്ട്. എത്ര തിരക്കേറിയ ജീവിതത്തിലും ചിട്ടയും ആരോഗ്യകരവുമായ ജീവിത ശൈലി പാലിക്കാനുള്ള സമയം ഉണ്ടാക്കുക എന്നതാണ് അതില്‍ പ്രധാനം.

ആരോഗ്യമുള്ള ഹൃദയത്തിനായി നാല് വഴികള്‍

  • നിത്യേന വ്യായാമം ചെയ്യുക

ഹൃദയത്തെ ആരോഗ്യകരമായി പരിപാലിക്കുന്നതിന് ദിവസേനയുള്ള വ്യായാമം ഉത്തമമാണ്. വല്ലപ്പോഴും മാത്രം അദ്ധ്വാനിക്കുന്നവരെ അപേക്ഷിച്ച് സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ദിവസവും കുറച്ച് മിനിറ്റ് ജോഗിങ് ചെയ്യുന്നതോ അല്ലെങ്കിൽ ആഴ്ചയിൽ ഒന്നിലധികം മണിക്കൂർ നടക്കുന്നതോ വ്യായാമത്തിന്റെ ഭാഗമായി കണക്കാക്കാം. എന്നാല്‍ മിതമായ അളവില്‍ മാത്രമേ വ്യായാമം ചെയ്യാവൂ.വർഷങ്ങളായി നീണ്ടുനിൽക്കുന്ന തീവ്രമായ വ്യായാമമുറകൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും, വളരെയധികം വ്യായാമം ചെയ്യുന്നത് ഹൃദയത്തെ തകരാറിലാക്കുമെന്നും സൂചനകളുണ്ട്.

  • പോഷകസമൃദ്ധമായ ഭക്ഷണം സമയാസമയം കഴിക്കുക

പൂരിത കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ്, സോഡിയം എന്നിവ കുറവുള്ള ഭക്ഷണങ്ങളാണ് ഹൃദയത്തിന് നല്ലത്. ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ നിങ്ങളുടെ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കണം. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതയും വര്‍ദ്ധിപ്പിച്ചേക്കാം.നാരുകളുടെയും മറ്റ് പോഷകങ്ങളുടെയും മികച്ച സ്രോതസ്സുകളാണ് ധാന്യങ്ങള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് രക്തസമ്മര്‍ദ്ദവും ഹൃദയാരോഗ്യവും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊഴുപ്പുള്ള മത്സ്യങ്ങളും ധാരാളം പഴങ്ങളും പച്ചക്കറികളും  ആഴ്ചയില്‍ രണ്ടുവട്ടമെങ്കിലും കഴിക്കണം. നട്ട്‌സ്, പയറുവര്‍ഗ്ഗങ്ങള്‍, സീഡുകള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളും പഴങ്ങളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സുകളാണ്. മാത്രമല്ല കലോറി കുറവുള്ളതും നാരുകളാല്‍ സമ്പുഷ്ടവുമാണ്. ഇത് ഹൃദ്രോഗം തടയാന്‍ സഹായിക്കും. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കോഴിയിറച്ചിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. റെഡ് മീറ്റ് കഴിക്കുന്നത് ഒഴിവാക്കുക. ഇതുകൂടാതെ, പഞ്ചസാര ചേര്‍ത്ത പാനീയങ്ങളുടെ ഉപയോഗവും കുറക്കേണ്ടതാണ്.

  • പുകവലിയും മദ്യപാനവും ഒഴിവാക്കുക

പുകവലിയും മദ്യപാനവും പോലുള്ള ദുശ്ശീലങ്ങള്‍ ഹൃദയത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നവയാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്ത പരിണിത ഫലങ്ങളാണ് പുകവലിക്കാരിലും മദ്യപാനികളിലും സംഭവിക്കാനിടയുള്ളത്. ഈ ദുശ്ശീലങ്ങള്‍ക്ക് അടിമയായിട്ടുള്ളവര്‍ ഡി അഡിക്ഷന്‍ നടത്തി ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കേണ്ടത് ഹൃദയത്തിനും ഏറെ ആവശ്യമാണ്.

  • മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക

മാനസിക സമ്മര്‍ദ്ദവും വലിയ രീതിയില്‍ ഹൃദയാഘാതത്തിനു കാരണമാകുന്നുണ്ട്. ജോലി സംബന്ധമായ ടെന്‍ഷന്‍  ആരോഗ്യത്തെ താറുമാറാക്കും. ജോലി ഭാരം മാറ്റിവച്ച് മനസിനും ശരീരത്തിനും ഉല്ലാസം ലഭിക്കുന്ന പ്രവൃത്തികളില്‍ മുഴുകാന്‍ ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം യാത്ര പോകുകയും എന്തെങ്കിലും വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മാനസികോല്ലാസം പ്രധാനം ചെയ്യും. കൂടിയ അളവില്‍ ഉള്ള മാനസിക സമ്മര്‍ദ്ദം സ്വൈര്യ ജീവിതം തകര്ക്കുന്നുണ്ടെങ്കില്‍ കൌണ്‍സിലിങ്ങ് ഉള്‍പ്പെടെ ആവശ്യമായ സഹായങ്ങള്‍ തേടാവുന്നതാണ്.