‘വെള്ളത്തിൽ വീണ് മരിക്കില്ല, മകന് നന്നായി നീന്തലറിയാം’; പന്തിരിക്കരയിലെ ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘം കൊലപ്പെടുത്തിയതെന്ന് വാപ്പ


പേരാമ്പ്ര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ. മകന്റെ മരണം കൊലപാതകമെന്ന് പന്തിരിക്കരയിലെ ഇർഷാദിന്റെ വാപ്പ നാസർ പറഞ്ഞു. ഇർഷാദ് വെള്ളത്തിൽ വീണ് മരിക്കില്ല, മകന് നന്നായി നീന്തൽ അറിയാം. മകനെ അവർ കൊന്നതാണെന്നും വാപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയെതുടർന്നാണ് പോലീസിൽ പരാതിപ്പെടാൻ വെെകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകന്റെ കെെവശമുള്ള സ്വർണ്ണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണി കോളുകൾ വന്നിരുന്നു. ഭയന്നിട്ട് ആദ്യമെന്നും പരാതി നൽകയിരുന്നില്ല. എന്നാൽ മകനെ കെട്ടിയിട്ടുള്ള ഫോട്ടോ സംഘം ഇളയമകന് അയച്ചതോടെയാണ് പോലീസിൽ പരാതി നൽകാൻ കുടുംബം തീരുമാനിച്ചത്. അതിന് ശേഷവും ഫോൾ കോളുകൾ വന്നിരുന്നു,. ഫോട്ടോസ് വേണമെങ്കിൽ ഇനിയും അയച്ചു തരാം, മകന്റെ ശവവും അയച്ചു തരാമെന്നാണ് അന്ന് വിളിച്ചപ്പോൾ അവർ കുടുംബത്തോട് പറഞ്ഞത്. സംഭവത്തിന് പിന്നിൽ സമീർ എന്നയാളാണെന്നും അദ്ദേഹം ആരോപിച്ചു.

ചെറുപ്പം മുതൽ നന്നായി നീന്തുന്ന ആളാണെന്നും. ഇർഷാദ് കൊന്നതാണെന്നും ഇർഷാദിന്റെ ബന്ധുവായ റഷീദ് പറഞ്ഞു. കേസ് അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. മേപ്പയ്യൂർ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാൽ ഇത് തന്റെ മകന്റെ മൃതദേഹമല്ലെന്ന് ദീപകിന്റെ അമ്മ പറഞ്ഞിരുന്നു. അത് വകവെക്കാതെ ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും റഷീദ് പറഞ്ഞു.

കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇർഷാദിന്റെ മാതാപിതാക്കൾ മകനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയിരുന്നു. മേപ്പയൂരിൽ നിന്ന് കാണാതായ കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റെ ബന്ധുക്കളുടെയും കോടിക്കൽ ബിച്ചിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡി.എൻ.എ പരിശോധനാ ഫലങ്ങൾ തമ്മിൽ ചേരുന്നില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫലത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് അന്വേഷണം ഇർഷാദിലേക്ക് നീണ്ടത്. ഇർഷാദിന്റെത് കൊലപാതകമാണെന്ന് തന്നെയാണ് അന്വേഷണസംഘവും പറയുന്നത്. കൊടുവള്ളി സ്വദേശി സ്വാലിഹാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Summary: Gold Smuggling Gang Murdered my son irsahad father says