ഇനി ലിംഗവിവേചനമില്ലാതെ ഒരുമിച്ചിരുന്ന് പഠിക്കാം; കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം


കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. ദീര്‍ഘനാളായി ജനങ്ങളും ഗവ.ഗേള്‍സിലെ അധ്യാപകരും അധ്യാപക രക്ഷാകര്‍തൃ കൂട്ടായ്മയും അധ്യാപക സംഘടനകളും പ്രദേശവാസികളും ഉന്നയിച്ചു വരുന്ന കാര്യമായിരുന്നു ഈ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിക്കുക എന്നത്. ലിംഗവിവേചനങ്ങള്‍ക്ക് സ്ഥാനമില്ലാതാവുകയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നത് സമൂഹം കൂടി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

1961 ല്‍ 1 മുതല്‍ 5 ക്ലാസ് വരെ പന്തലായനി എലിമന്ററി സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌കൂള്‍ ആ വര്‍ഷം തന്നെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരുന്നത്. പിന്നീട് 1997 ല്‍ +1 ബാച്ച് ആരംഭിച്ചു. ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആയി മാറി. പ്ലസ്ടുവിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നത്. ഇപ്പോള്‍ യു.പി.വിഭാഗത്തില്‍ 508 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1026 ഉം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 574 ഉം ഉള്‍പ്പെടെ ആകെ 2108 വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനം നടത്തി വരുന്നു.

സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷം മുമ്പേ പി.ടി.എ സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു. 2022 ജൂണില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിലെങ്കിലും സര്‍ക്കാറില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവണമെന്നാവശ്യപ്പെട്ട് എം.എല്‍.എയടക്കമുള്ളവരെ പി.ടി.എ സമീപിച്ചിരുന്നു. പി.ടി.എയുടെ തീരുമാനത്തെ എം.എല്‍.എ ശക്തമായി പിന്തുണയ്ക്കുകയും അതിനുവേണ്ടിയുള്ള ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു.

പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചതിനാല്‍ സ്‌കൂളിനടുത്ത് താമസിച്ചു വന്നിരുന്ന ആണ്‍കുട്ടികള്‍ക്ക് വരെ ദൂരെയുള്ള മറ്റ് സ്‌കൂളുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. സഹോദരങ്ങള്‍ ഇരു സ്‌കൂളിലേക്കായി മാറി പഠിക്കേണ്ടി വന്നിരുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള കീഴ്‌വഴക്കമാണ് ഉത്തരവിലൂടെ ഇപ്പോള്‍ മാറ്റിയെഴുതപ്പെടുന്നത്. കൊയിലാണ്ടിയില്‍ ഇതോടെ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാവുകയാണ്. ഗവ.ബോയ്‌സ് സ്‌കൂള്‍ നേരെത്തെ തന്നെ മിക്‌സഡ് ആയിക്കഴിഞ്ഞിരുന്നു. വേര്‍തിരിഞ്ഞു പഠിച്ചിരുന്ന ഒരു തലമുറയുടെ മക്കള്‍ക്ക് ലിംഗവിവേചനമില്ലാതെ ഒരുമിച്ചിരുന്ന് സൗഹൃദം പങ്കുവെച്ച് ഇനി പഠിക്കാം.