”വിവാദങ്ങള്‍ എല്ലാ വിഷയങ്ങളിലും ഉണ്ടാവുമെങ്കിലും പിന്നീട് പലതും അംഗീകരിക്കപ്പെടേണ്ടതായി വരും. ഈമാറ്റം ഇനിയും ഒരുപാട് പേര്‍ പിന്‍തുടരും’ പാലേരി പള്ളിയില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ ബഹിജ ദലീല പങ്കെടുത്തത് മഹല് കമ്മറ്റി അംഗീകരിക്കാത്തതില്‍ സഹോദരന്റെ പ്രതികരണം


പേരാമ്പ്ര: ”വിവാദങ്ങള്‍ എല്ലാ വിഷയങ്ങളിലും ഉണ്ടാവുമെങ്കിലും പിന്നീട് പലതും അംഗീകരിക്കപ്പെടേണ്ടതായി വരും. ഈമാറ്റം ഇനിയും ഒരുപാട് പേര്‍ പിന്‍തുടരും.” കഴിഞ്ഞ ആഴ്ച്ച പേരാമ്പ്ര പാലേരിയില്‍ പാറക്കടവ് ജുമാഅത്ത് പള്ളിയില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ ബഹിജ ദലീല എന്ന പെണ്‍കുട്ടി പങ്കെടുത്തതിലുണ്ടായ വിവാദങ്ങളോടുള്ള പെണ്‍കുട്ടിയുടെ സഹോദരന്റെ പ്രതികരണമാണിത്.

സഹോദരിയുടെ കല്ല്യാണം തീരുമാനിച്ചപ്പോള്‍ തന്നെ അവള്‍ രണ്ട് കാര്യങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഒന്ന് നിക്കാഹില്‍ പങ്കെടുക്കാന്‍ അവള്‍ക്ക് അവസരം നല്‍കണമെന്നും അടുത്തത് വിവാഹത്തിന് സ്വര്‍ണ്ണാഭരണങ്ങള്‍ വേണ്ട എന്നും.

അവളുടെ തീരുമാനത്തെ ഞങ്ങള്‍ അംഗീകരിക്കുകയും മഹല് സെക്രട്ടറിയുമായി സംസാരിച്ച് തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിവാദങ്ങളും മഹല് കമ്മറ്റി സെക്രട്ടറിയെ കൊണ്ട് മാപ്പു പറയിപ്പിച്ച തീരുമാനങ്ങളുമെല്ലാം അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്നും പറഞ്ഞു.

ഇത് ഒരു വിഭാഗം ആളുകളുടെ മാത്രം തീരുമാനമാണ്. നിക്കാഹില്‍ സ്ത്രീകള്‍ പങ്കെടുക്കണമെന്ന് താല്‍പര്യപ്പെടുന്ന ഒരുപാട് പേര്‍ ഇതിനെ അംഗീകരിക്കുന്നുണ്ട്. അന്ന് നടന്ന നിക്കാഹ് ചടങ്ങില്‍ ഏതാണ്ട് നാനൂറോളം പേര്‍ പങ്കെടുത്തിട്ടുണ്ട് എല്ലാവരും വളരെ സന്തോഷപൂര്‍വ്വമാണ് പങ്കെടുത്തതും. അന്നൊന്നും ആരുടെ ഭാഗത്തു നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നില്ലെന്നും അറിയിച്ചു.

നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല ഗള്‍ഫുനാടുകളില്‍ ഇത് പണ്ടുമുതല്‍ക്കേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്ന പള്ളിക്കമ്മറ്റിയുടെ ഈ വിഷയത്തിലുള്ള നിലപാട് ആശ്ചര്യപ്പെടുത്തിയെന്നും സഹോദരന്‍ അഭിപ്രയപ്പെട്ടു.

സിവില്‍ എഞ്ചിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായിട്ടായിരുന്നു കുറ്റിയടി സ്വദേശിയായ കെ.എസ് ഉമ്മറിന്റെ മകളും എം.എസ്.ഡബ്ല്യൂ ബിരുദധാരിയുമായ ബഹിജ ദലീലയുടെ വിവാഹം.

ജൂലൈ 31 നാണ് നിക്കാഹ് നടന്നത് വിഷയം വാര്‍ത്തയായതോടെ ബുധനാഴ്ച മഹല്ല് കമ്മിറ്റി യോഗം ചേരുകയും ഈ യോഗത്തിലാണ് പള്ളിയില്‍ വധുവിനെ പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാലേരി- പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി നിലപാടെടുക്കുകയും ചെയ്തത്.

യോഗ തീരുമാനങ്ങള്‍ ഇങ്ങനെയായിരുന്നു..

മഹല്ല് ജനറല്‍ സെക്രട്ടറിയോട് നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്.

മഹല്ല് കമ്മിറ്റിയില്‍നിന്നോ അംഗങ്ങളില്‍നിന്നോ പണ്ഡിതരില്‍നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണ്.

മഹല്ല് ജനറല്‍ സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സെക്രട്ടറിയുടെ കുറ്റസമ്മതം മഹല്ല് കമ്മിറ്റി മുഖവിലക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

പള്ളിയില്‍ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണ്. ഭാരവാഹികളുടെ ശ്രദ്ധയില്‍പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയത്. പള്ളി അര്‍ഹിക്കുന്ന മര്യാദകള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് അത്തരം ഒരു നീക്കം നടത്തിയതില്‍ വധുവിന്റെ കുടുംബമാണ് ഉത്തരവാദികള്‍. ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാന്‍ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരുത്തിയിരിക്കുന്നത്.

അക്കാര്യം ഗുരുതരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും. ഈ വിഷയത്തില്‍ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായിട്ടുണ്ട്. അതില്‍ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.

പള്ളിയില്‍ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കും.

വെള്ളിയാഴ്ച ചേര്‍ന്ന മഹല്ല് ജനറല്‍ ബോഡിയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കയുണ്ടായി.

summery:  girl’s brother’s reaction to mahal committee objection of girl attending nikah in mosque in palery perambra