രക്ഷപ്പെടാനായി ഓടി പെൺകുട്ടി, പിന്തുടർന്നെത്തി കുത്തി പ്രതി; നാദാപുരം കല്ലാച്ചിയിൽ പതിനേഴുകാരിയെ കുത്തി പരിക്കേൽപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


നാദാപുരം: കല്ലാച്ചിയില്‍ പതിനേഴുകാരിയെ ആണ്‍സുഹൃത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു പുതുക്കയം സ്വദേശിയായ പതിനേഴുകാരിയെ പിന്തുടര്‍ന്നെത്തിയ ആണ്‍ സുഹൃത്ത് കത്തി കൊണ്ട് അക്രമിച്ചത്. അക്രമണത്തില്‍ കൈക്ക് പരിക്കേറ്റ് പെണ്‍കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഉച്ചയ്ക്ക് തിരക്കുള്ള സമയത്താണ് കല്ലാച്ചിയിലെ റോഡ് സൈഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ അര്‍ഷാദ് എന്നയാള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ദൃശ്യങ്ങളില്‍ അര്‍ഷാദ് അക്രമിക്കാനായി വന്നതാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി രക്ഷപ്പെടാനായി ഓടുന്നത് കാണാന്‍ സാധിക്കും. റോഡരികില്‍ നിന്നവര്‍ അക്രമണം കണ്ട് അവര്‍ക്കരികിലേക്ക് പോവുന്നുണ്ട്.

പെണ്‍കുട്ടിയെ അര്‍ഷാദ് മൂന്ന് തവണ അടിക്കുകയും കയ്യില്‍ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇത് കണ്ട് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നവര്‍ ഓടിക്കൂടി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. നേരത്തെ പ്രണയത്തിലായിരുന്ന ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അടുത്തിടെ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാവാം അക്രമണത്തിന് പിന്നിലെന്നാണ് സൂചന.

അക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം: