ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം; പതിനൊന്നര ലക്ഷം ലിറ്റര്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ചു


കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം. ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താവ് പരാതി നല്‍കിയതോടെയാണ് ഇക്കാര്യം അധികാരികള്‍ ശ്രമിച്ചത്.

വടക്കന്‍ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തിലാണ് മാലിന്യം കണ്ടത്. ജവാന്‍ ട്രിപ്പിള്‍ എക്സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്ലെറ്റിലെ ജവാന്‍ ട്രിപ്പിള്‍ എക്‌സ് റം 307, 322, 267, 328, 312, 292, 200,164, 293 ബാച്ചുകളിലും മാലിന്യം കണ്ടെത്തി. ഇതോടെ പതിനൊന്നര ലക്ഷം ലിറ്റര്‍ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ഫാക്ടറിയിലാണ് ജവാന്‍ ഉത്പാദനം. നിര്‍മ്മാണത്തിലെ പാകപ്പിഴയാണ് മദ്യം മലിനപ്പെടാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മദ്യക്കുപ്പികളില്‍ പാടപോലെ രൂപപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഔട്ട്‌ലെറ്റുകളില്‍ കുപ്പി മാറ്റി കൊടുത്തു.

എക്‌സൈസ് കമ്മിഷര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. എല്ലാ ഔട്ട്‌ലെറ്റുകളിലും ജവാന്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സാമ്പിള്‍ ലാബില്‍ പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വിറ്റഴിക്കണോ നശിപ്പിക്കണോയെന്ന് തീരുമാനിക്കുക.