മൂന്നെണ്ണത്തില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ മാത്രം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വരിനിന്ന് രോഗികള്‍ വലയുന്നു


കൊയിലാണ്ടി: ആയിരക്കണക്കിന് രോഗികള്‍ പ്രതിദിനമെത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് രണ്ട് ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ മാത്രം. ഇതുകാരണം കൗണ്ടറുകളില്‍ രോഗികളുടെ നീണ്ട ക്യൂ ആണ്. പ്രായമായവും കുട്ടികളുമായെത്തിയവരുമടക്കം വരിയില്‍ നിന്ന് ബുദ്ധിമുട്ടുകയാണ്.

സാധാരണ മൂന്ന് ഒ.പി ടിക്കറ്റ് കൗണ്ടറുകളാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കാറുള്ളത്. ആശുപത്രി വികസന സമിതിയുടെ തീരുമാനം ഇല്ലാതെ അധികാരികള്‍ ഏര്‍പ്പെടുത്തിയ മൂന്നുദിവസം ജോലി എടുത്താല്‍ നിര്‍ബന്ധിത ബ്രേക്ക് എന്ന തീരുമാനമാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

ഈ അടുത്ത ദിവസങ്ങളിലാണ് നിര്‍ബന്ധിത ബ്രേക്ക് ഏര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്തപ്പോള്‍ സൂപ്രണ്ടിന്റെ വിവേച അധികാരമാണ് എന്നാണ് ആശുപത്രിയിലെ സെക്രട്ടറി മറുപടി നല്‍കിയതെന്നും ജീവനക്കാര്‍ പറയുന്നു.