ദേശീയപാതാ വികസനം: പയ്യോളി പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു; നടപടി പി.ടി.ഉഷ എം.പിയുടെ ഇടപെടലിനെ തുടർന്ന്


പയ്യോളി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പയ്യോളിയിലെ പെരുമാൾപുരത്തും അയനിക്കാടും അടിപ്പാത അനുവദിച്ചു. നേരത്തെ അലൈൻമെന്റിൽ ഇല്ലാതിരുന്ന ഈ അടിപ്പാതകൾ രാജ്യസഭാ എം.പിയായ പി.ടി.ഉഷയുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ അനുവദിച്ചത്. പെരുമാൾപുരത്തെ അടിപ്പാത തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രയോജനപ്പെടുക.

അഞ്ച് പദ്ധതികൾക്കായി 30 കോടിയോളം രൂപയാണ് പി.ടി.ഉഷയുടെ അഭ്യർത്ഥന പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ചത്. നാല് അടിപ്പാതകൾ ഒരു സർവ്വീസ് റോഡ് എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ അനുവദിച്ചത്.

പെരുമാൾപുരം, അയനിക്കാട് എന്നിവയ്ക്ക് പുറമെ വടകര പുതുപ്പണം, മടപ്പള്ളി കണ്ണൂക്കര, എന്നിവിടങ്ങളിലാണ് പുതുതായി അടിപ്പാത നിർമ്മിക്കുക. കൂടാതെ സർവീസ് റോഡ് ഇല്ലാത്തതിനാൽ ഒറ്റപ്പെട്ടുപോയ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനമായ നന്തിയിലെ ആശാനികേതനിലേക്ക് സർവ്വീസ് റോഡിനായി 6.73 കോടി രൂപയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അനുവദിച്ചു.

പയ്യോളി പെരുമാൾപുരം അടിപ്പാതയ്ക്കായി 6.29 കോടി രൂപ, അയനിക്കാട് അടിപ്പാതയ്ക്കായി 6.9 കോടി രൂപ, പുതുപ്പണം അടിപ്പാതയ്ക്കായി 6.61 കോടി രൂപ, കണ്ണൂക്കര അടിപ്പാതയ്ക്കായി 6.03 കോടി രൂപ എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട തുക.

വിഷയത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നിരവധി തവണ ഡൽഹിയിലും കേന്ദ്രമന്ത്രിയുടെ നാഗ്പ്പുരിലെ വസതിയിലും പി.ടി.ഉഷ കൂടിക്കാഴ്ച നടത്തിയിരുന്നതായി എം.പിയുടെ ഓഫീസ് അറിയിച്ചു. ഇതേ തുടർന്നാണ് കേന്ദ്ര സംഘം എം.പി നിർദ്ദേശിച്ച സ്ഥലങ്ങളിൽ പരിശോധ പൂർത്തിയാക്കി അടിപ്പാതകൾക്കും സർവീസ് റോഡിനും തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഇക്കാര്യം ഉപരിതല ഗതാഗത വകുപ്പ് നേരിട്ടാണ് എം.പിയെ അറിയിച്ചത്.