മുതിർന്ന ബി.ജെ.പി നേതാവും ആര്‍.എസ്എ.സ് പ്രചാരകനുമായ പി. പി മുകുന്ദന്‍ അന്തരിച്ചു
കൊച്ചി: ബി ജെ പി മുന്‍ സംഘടനാ സെക്രട്ടറിയും ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിംങ്ങ് ഡയറക്ടറുമായിരുന്ന പി. പി മുകുന്ദന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹൈസ്‌ക്കൂള്‍ പഠനകാലം മുതല്‍ ആര്‍ എസ് എസില്‍ പ്രചാരകനായാണ് തുടക്കം. 1991 ൽ ബിജെപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി നിയോഗിച്ചു.
ഒരുകാലത്ത് സംസ്ഥാന ബി.ജെ.പിയിലെ അതിശക്തനായ നേതാവായിരുന്ന പി.പി.മുകന്ദൻ ആർ.എസ്എസ് പ്രചാരകനായാണ് പൊതുപ്രവർത്തനത്തിലേക്ക് വന്നത്. ആർ എസ് എസ് സംസ്ഥാന സമ്പർക്ക പ്രമുഖ് ആയിരുന്ന അദ്ദേഹം ദീർഘകാലം ബി.ജെ.പിയുടെ ദേശീയ നിർവാഹകസമിതി അംഗമായിരുന്നു. 2006 മുതൽ 2016 വരെ പാർട്ടി ചുമതലകൾ ഇല്ലായിരുന്നു.
1988 മുതൽ 1995 വരെ ബിജെപി മുഖപത്രം ജന്മഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. പിൽക്കാലത്ത് ബിജെപിയുടെ സജീവ പ്രവർത്തനത്തിൽനിന്നു മാറിനിന്നപ്പോഴും ആർഎസ്എസ് നേതൃത്വവുമായി അകൽച്ചയിലാണെന്നു വാർത്തകൾ വന്നപ്പോഴും, താൻ അടിയുറച്ച ആർഎസ്എസുകാരനാണെന്നായിരുന്നു മുകുന്ദന്റെ നിലപാട്. 2006 നു ശേഷം സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന മുകുന്ദൻ, 2022 ഓടെ ബിജെപിയിലേക്ക് തിരികെയെത്തി. പൊതുപ്രവർത്തക മികവിനുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പി.പി.ചന്ദ്രൻ, പി.പി.ഗണേശൻ, പരേതനായ കുഞ്ഞിരാമൻ എന്നിവർ സഹോദരങ്ങളാണ്.