‘ഒരു രൂപയ്ക്ക് പോലും ആളുകള്‍ പഴങ്ങള്‍ വാങ്ങാത്ത സ്ഥിതി, കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്, ഞാനടക്കമുള്ള കര്‍ഷകര്‍ ഇനിയെന്ത് ചെയ്യണം?’; പഴങ്ങള്‍ കഴിക്കുന്നതിലൂടെയാണ് നിപ പകരുന്നതെന്ന പ്രചരണം സൃഷ്ടിച്ച പ്രതിസന്ധി തുറന്നുപറഞ്ഞ് മരുതോങ്കരയിലെ കര്‍ഷകന്‍


കുറ്റ്യാടി: ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ വരുന്ന വാര്‍ത്തകളും പ്രചരണങ്ങളും കര്‍ഷകരുടെ ജീവിതത്തെ ദുരിതത്തിലാക്കുകയാണെന്ന് തുറന്നുകാട്ടി മരുതോങ്കരയിലെ കര്‍ഷകന്‍ ജോയി. ഫലവര്‍ഗങ്ങളിലൂടെയാണ് നിപ പകര്‍ന്നതെന്ന തരത്തില്‍ പല മാധ്യമങ്ങളിലും തൊട്ടും തൊടാതെയും റിപ്പോര്‍ട്ടുവന്നതോടെ ഉല്പന്നങ്ങള്‍ ആരും വാങ്ങില്ലെന്നും ഇതോടെ കര്‍ഷകരായ തങ്ങള്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്നുമാണ് മരുതോങ്കര സ്വദേശി ജോയി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

” എന്റെ ദുരനുഭവം ഞാന്‍ പറയാം, മരുതോങ്കര പഞ്ചായത്തില്‍ മുള്ളങ്കുന്ന് പള്ളിയുടെ തൊട്ടരികിലായി എനിക്ക് ഒന്നര ഏക്കര്‍ റംബൂട്ടാന്‍ തോട്ടമുണ്ട്. ഇതിന് ചുറ്റും മുഴുവനായി വലയിട്ടാണ് സാധനങ്ങള്‍ സംരക്ഷിച്ചാണ് കൃഷി ചെയ്യുന്നത്. ഒരുലക്ഷം രൂപയോളം വല വാങ്ങാനായി മാത്രം ചെലവുവന്നിട്ടുണ്ട്. ആ തോട്ടത്തില്‍ ഇന്നത്തെ സ്ഥിതിയില്‍ ഒരു രൂപയ്ക്ക് പോലും റംബൂട്ടാന്‍ ഒരാളും എടുക്കാത്ത അവസ്ഥയാണ്.” അദ്ദേഹം പറയുന്നു.

‘കര്‍ഷകരുടെ ഉല്പന്നങ്ങള്‍ വിപണയിലേക്കെത്തിക്കേണ്ട സമയത്ത് ഫ്രൂട്ട് കഴിക്കുന്നതിലൂടെയാണ് ഈ രോഗം പടരുന്നത് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ ദിനപത്രങ്ങളും മാധ്യമങ്ങളും ഉദ്യോഗസ്ഥരും പ്രചരിപ്പിക്കുന്നുണ്ട്. ശാസ്ത്രീയമായ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തിരിക്കുന്നത് എന്നറിയില്ല. ശാസ്ത്രീയമായി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് ഞങ്ങള്‍ക്ക് തരണം.” അദ്ദേഹം ആവശ്യപ്പെടുന്നു.

”പന്നിപ്പനി വന്നാല്‍ അതിന് പിന്നാലെ പറയുന്നത് പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ്. പക്ഷിപ്പനി വന്നാല്‍ താറാവുകളെ കൊന്നൊടുക്കും. എന്തെങ്കിലും ഒരു പൈസ തരാറുണ്ടോ. തരാമെന്നു പറയുന്നതല്ലാതെ തരാറില്ല. ഇതുങ്ങളെ വെടിവെച്ചുകൊല്ലുന്നതിനേക്കാള്‍ നല്ലത് ഞങ്ങളെ കൊല്ലുന്നതാണ്. മാറിമാറുന്ന സര്‍ക്കാറുകള്‍ കര്‍ഷകരോട് എന്നും ഈ നയം തന്നെയാണ് തുടരുന്നത്.” അദ്ദേഹം പറയുന്നു.

റബ്ബറിന് വില കുറഞ്ഞതോടെ മലയോര മേഖലയിലെ കര്‍ഷകരില്‍ ഭൂരിപക്ഷവും പഴ വര്‍ഗ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. റംബൂട്ടാനും മാംഗോസ്റ്റിനുമെല്ലാം വ്യാപകമായി ഈ മേഖലയില്‍ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം വെറുതെ കൊടുത്താല്‍ പോലും ആരും സ്വീകരിക്കാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ എന്ത് ചെയ്യണമെന്ന് ഭരണകൂടം പറഞ്ഞുതരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

” സാധാരണ കൃഷിക്കാരാണെങ്കില്‍ ആത്മഹത്യയില്‍ അഭയം തേടും. ഞാന്‍ ആത്മഹത്യ ചെയ്യില്ല. കാരണം ഇവിടെയുള്ള 80% കര്‍ഷകരും ഇതുപോലെ ദുരിതം അനുഭവിക്കുന്നവരാണ്. അവരെല്ലാം ആത്മഹത്യ ചെയ്യേണ്ടിവരില്ലേ.. അതുകൊണ്ട് അതിനൊന്നും ഞാന്‍ മുതിരില്ല. പക്ഷേ പ്രതികരിക്കും. അത് ശക്തമായി തന്നെ പ്രതികരിക്കും. നിപയല്ല എന്തുവന്നാലും ശരി അതിന്റെ കാരണം കണ്ടെത്തി ഇനിയും അത് വരാതെ നോക്കുകയാണ് വേണ്ടത്.” അദ്ദേഹം പറയുന്നു.