പേരാമ്പ്രയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; ബാധിതരുടെ എണ്ണം നൂറു കടന്നു; ഒരു കുട്ടി ഐ.സി.യുവിൽ


പേരാമ്പ്ര: കായണ്ണയില്‍ വിവാഹ വീട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ് എന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കായണ്ണ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ പുതിയോട്ടില്‍ വിനയയുടെ മകളുടെ വിവാഹ വീട്ടിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഞായറാഴ്ചയായിരുന്നു വിവാഹം. എല്ലാ തരം ഭക്ഷണം കഴിച്ചവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് വിവരം. ഇതിനാല്‍ തന്നെ വെള്ളത്തിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എത്ര പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. കായണ്ണയിലെയും സമീപമുള്ള നൊച്ചാടിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്.

ഭക്ഷ്യവിഷബാധ ഉണ്ടായ വീട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ കാരണം അറിയാന്‍ കഴിയൂ.

ഇതിനൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. സമീപത്തെ വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. കൂടാതെ ഉടന്‍ വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കാനിരിക്കുന്ന വീടുകളിലും പരിശോധന നടത്തുന്നുണ്ട്.