വീട്ടിൽ നിന്നിറങ്ങിയത് പൂ വാങ്ങാനായി, തിരികെ വരുമ്പോൾ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നു; കൊഴുക്കല്ലൂരിലെ അനയിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിൽ നാട്


മേപ്പയ്യൂർ: ഉത്രാടം നാളിൽ പൂക്കളമൊരുക്കി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊഴുക്കല്ലൂരിലെ മാമ്പൊയിൽ കുനിയിൽ അനയ്. പൂക്കളത്തിനായുള്ള പൂവും വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം അവനെ കവർന്നെടുത്തത്. ഇന്ന് രാവിലെ 9.30 ഓടെ നരക്കോടുവെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്.

ഓണത്തോടനുബന്ധിച്ച് അനയുടെ വീടിന് സമീപത്തെ സമീക്ഷ കലാവേദി ​ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിനായി പൂക്കളം ഒരുക്കുന്നതിനിടെ ആവശ്യത്തിന് പൂ ഇല്ലാത്തതിനെ തുടർന്നാണ് ബെെക്കുമായി മേപ്പയ്യൂരിലേക്ക് പോയത്. പൂ വാങ്ങി തിരികെ വരുന്നതിനിടയിൽ അനയ് സഞ്ചരിച്ച ബെെക്കും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അനയിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൊയിലാണ്ടിയിൽ നിന്നും മേപ്പയൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.

Related News– നരക്കോട് സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് പതിനെട്ടുകാരൻ മരിച്ചു

എല്ലാ കാര്യങ്ങളിലും ഓടി നടന്ന് സജീവമായി പങ്കെടുക്കുന്ന അനയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. എസ്.എഫ്.ഐ മാമ്പോയിൽ യൂണിറ്റ് പ്രസിഡന്റായിരുന്നു അനയ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.