തുപ്പിയപ്പോള്‍ ദേഹത്ത് തെറിച്ചുവെന്ന് ആരോപിച്ച് അഴിയൂരില്‍ അഞ്ച് വയസുകാരനോട് ഓട്ടോറിക്ഷാ ഡ്രൈവറുടെ ക്രൂരത; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി (വീഡിയോ കാണാം)


അഴിയൂര്‍: അഞ്ച് വയസുകാരനോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്രൂരമായി പെരുമാറി എന്ന സോഷ്യല്‍ മീഡിയാ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് തുപ്പിയപ്പോള്‍ അബദ്ധത്തില്‍ അത് ഡ്രൈവറുടെ ദേഹത്തായി എന്നും ഇതേ തുടര്‍ന്ന് ഡ്രൈവര്‍ കുട്ടിയുടെ ഷര്‍ട്ട് അഴിപ്പിച്ച് തുപ്പല്‍ തുടപ്പിക്കുകയുമായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കുട്ടിയുടെ അമ്മ ഇതേ കുറിച്ച് ഡ്രൈവറോട് ചോദിച്ചപ്പോള്‍ തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ ചോമ്പാല പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

കുഞ്ഞിപ്പള്ളി ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവറായ വിചിത്രന്‍ എന്ന ആളാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം. കുട്ടിയെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് ഷര്‍ട്ട് അഴിപ്പിച്ച് വസ്ത്രത്തിലെ തുപ്പല്‍ തുടപ്പിച്ചു എന്നും കുട്ടി കരഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മെസേജില്‍ പറയുന്നു.

അതേസമയം ഇത്തരമൊരു സംഭവത്തെ കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് ചോമ്പാല പൊലീസ് വടകര ഡോട് ന്യൂസിനോട് വ്യക്തമാക്കി. ബാലാവകാശ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല എന്നും പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെയും മെസേജിന്റെയും അടിസ്ഥാനത്തില്‍ സ്വമേധയാ പൊലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നും ചോമ്പാ ല പൊലീസ് കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം: