ബണ്ട് തുറന്നുവിട്ടു; മുചുകുന്ന് അകലാപ്പുഴയിലെ മത്സ്യകൃഷി പൂര്‍ണ്ണമായി നശിച്ചു, ചത്തൊടുങ്ങിയത് രണ്ടര ക്വിന്റല്‍ മത്സ്യം
സ്വന്തം ലേഖകൻ
കൊയിലാണ്ടി: അകലാപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ ബണ്ട് തുറന്നുവിട്ടതിനെ തുടര്‍ന്ന് മത്സ്യകൃഷി മുഴുവനായി നശിച്ചു. കേളോത്ത് സത്യന്റെ മത്സ്യകൃഷിയാണ് നശിച്ചത്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാനിരുന്ന രണ്ടര ക്വിന്റലോളം മത്സ്യമാണ് നശിച്ചത്.
അകലാപ്പുഴയിലാണ് കൂട് മത്സ്യകൃഷി നടത്തിയിരുന്നത്. പൊഴിയൂര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ നിന്നായി കൊണ്ടുവന്ന് നിക്ഷേപിച്ച മത്സ്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. കാളാഞ്ചി, കരിമീന്‍, ചെമ്പല്ലി, ചിത്രലാട എന്നീ മത്സ്യങ്ങളാണ് അകലാപ്പുഴയില്‍ കൃഷി ചെയ്തിരുന്നത്.
രണ്ട് ദിവസം മുമ്പാണ് ഗോവിന്ദന്‍കെട്ടിലുള്ള ബണ്ട് തുറന്നത്. ബണ്ട് തുറന്നതോടെ കറുത്ത നിറത്തിലുള്ള വെള്ളമാണ് മത്സ്യകൃഷി നടത്തിയിരുന്നിടത്തേക്ക് ഒഴുകിയെത്തിയത്. ശനിയാഴ്ച രാവിലെ മുതലാണ് മത്സ്യങ്ങള്‍ ചത്ത് പൊങ്ങാന്‍ തുടങ്ങിയത്. വൈകുന്നേരത്തോടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ മത്സ്യങ്ങളും ചത്ത് പൊങ്ങുകയായിരുന്നു.
പത്ത് മാസത്തെ അധ്വാനമാണ് ഒറ്റ ദിവസം കൊണ്ട് നഷ്ടമായതെന്ന് മത്സ്യകൃഷിയില്‍ പങ്കാളിയായ സുനീഷ് പുത്തഞ്ചേരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നും സുനീഷ് പറഞ്ഞു.
ഫിഷറീസിന്റെ അംഗീകാരത്തോടെ ലൈസന്‍സ് ഉള്‍പ്പെടെ എടുത്താണ് ഇവിടെ മത്സ്യകൃഷി നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച മത്സ്യകര്‍ഷകനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ് കേളോത്ത് സത്യന്‍.
ഗോവിന്ദന്‍കെട്ടിന് സമീപം നെല്‍കൃഷി നടക്കുന്നുണ്ട്. നെല്‍കൃഷിക്ക് അടിച്ച മരുന്ന് കാരണമാണോ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയത് എന്ന് സംശയമുള്ളതായി കര്‍ഷകര്‍ പറയുന്നു. മത്സ്യകൃഷി നശിച്ചത് സംബന്ധിച്ച് ഫിഷറീസിലും പഞ്ചായത്തിലും പരാതി കൊടുക്കാനാണ് മത്സ്യകര്‍ഷകരുടെ തീരുമാനം. നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.