‘സ്വീകരിച്ചത് ബ്രഹ്മപുരം മാതൃക, തീ അണച്ചത് 15 യൂണിറ്റുകളുടെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ’; പേരാമ്പ്രയിലെ തീപിടുത്ത കുറിച്ച് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ എം.സിഎഫിലും സമീപത്തെ കെട്ടിടത്തിലുമുണ്ടായ തീയണച്ചത് അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ 15 യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂട്ടിവെച്ച അജെെവ മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തമുണ്ടായപ്പോൾ സ്വീകരിച്ച അതേ രീതിയിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ​ഗിരീഷൻ സി.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മരുതേരി ഭാ​ഗത്തേക്ക് പോവുന്ന യാത്രക്കാരനാണ് തീ പിടുത്തത്തിന്റെ വിവരം സ്റ്റേഷനിൽ വിളിച്ച് അറിയിക്കുന്നത്. ഉടനെ യൂണിറ്റ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. അതേ സമയം മറ്റ് സ്റ്റേഷനിലേക്കും വിവരം കെെമാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Related News: ആളിപ്പടർന്ന് തീ, അണയ്ക്കാൻ പാടുപെട്ട് രക്ഷാപ്രവർത്തകർ; പേരാമ്പ്രയിലെ തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ കാണാം


ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസിനുള്ളിലും സമീപത്തുള്ള പഞ്ചായത്തെ എം.സി.എഫിലും തീ കത്തുന്നതാണ് ഞങ്ങളെത്തുമ്പോൾ കാണുന്നത്. ഉയർന്നുപൊങ്ങുന്ന തീ നിയന്ത്രണ വിധേയമാക്കി മറ്റ് സ്ഥാപനങ്ങളിലേക്ക് പടരാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ ചെയ്തത്. ബാദുഷയുടെ കെട്ടിടത്തിലും എം.സി.എഫിലെ മാലിന്യ കൂമ്പാരത്തിലെയും തീപിടുത്തം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഒന്നര മണിക്കൂറിനുള്ളിൽ ആളിക്കത്തുന്ന തീ നിയന്ത്രണ വിധേയമാക്കി. അതിനാൽ തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കൊന്നും വ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എം.സി.എഫിൽ തരം തിരിച്ച് ചാക്കിലാക്കിയും അല്ലാതെുമുള്ള അജെെവ മാലിന്യങ്ങളാണ് ഉണ്ടായിരുന്നത്. ബ്രഹ്മപുരത്തിന് സമാനമായ രീതിയിൽ ജെസിബിയുടെയും സഹായത്തോടെയാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയാക്കിയ ശേഷം ജെസിബി ഉപയോ​ഗിച്ച് മാലിന്യങ്ങൾ കുറച്ച് കുറച്ചായി നീക്കി വെള്ളം പമ്പ് ചെയ്ത് വീണ്ടും തീപിടിക്കാനുള്ള സാഹചര്യവും ഒഴിവാക്കിയ ശേഷമാണ് മടങ്ങിയത്.

ഫയർ എഞ്ചിന്റെ മുകളിൽ കയറി നിന്ന് ബാദുഷ കെട്ടിടത്തിനുള്ളിലേക്ക് ​ഗ്ലാസ് തകർത്ത് ഹാന്റ് കൺട്രോൾ ബ്രാഞ്ച് ഉപയോ​ഗിച്ച് മൂന്ന് ഭാ​ഗത്തുനിന്നും വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. പൂർണ്ണമായി അണച്ചശേഷം സേനാം​ഗങ്ങൾ കെട്ടിടത്തിനുള്ളിൽ കടന്ന് പരിശോധന നടത്തി തീ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മടങ്ങിയത്. തീ പിടുത്തം നടന്ന സ്ഥലം സ്റ്റേഷന് സമീപമായതും സ്ഥലം പരിചിതമായതും രക്ഷാപ്രവർത്തം എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയ്ക്ക് പുറമേ വടകര, കൊയിലാണ്ടി, നാദാപുരം, കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന്, നരിക്കുനി ഉൾപ്പെടെയുള്ള സ്റ്റേഷനുളിൽ നിന്നാണ് യൂണിറ്റുകളാണ് രക്ഷാപ്രവർത്തിനായെത്തിയത്. ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലി കെ.എം ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഫയർഫോഴ്സിനൊപ്പം, പോലീസ്, ജനപ്രതിനിധികൾ, നാട്ടുകാർ, സിവിൽ ഡിഫൻസ്, ആപ്തമിത്രാം​ഗങ്ങൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു.