ഒടുവില്‍ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി


തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പുറത്തുവന്നത്. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകി. അതേസമയം, അജിത് കുമാർ ബറ്റാലിയൻ‌ എഡിജിപിയായി തുടരും. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്‍ ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.

കഴിഞ്ഞ കുറേ നാളുകളായി പി.വി അൻവർ എം.എൽ.എ അജിത് കുമാറിനെതിരേ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ അജിത് കുമാര്‍ തല്‍സ്ഥാനത്തു തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒടുവില്‍ 32 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് എഡിജിപിക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തത്‌. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി എഡിജിപി കൂടിക്കാഴ്ച  നടത്തിയത്. 2023 ജൂൺ 2 ന് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Description: Finally action against ADGP MR Ajit Kumar