കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം, പൊരുതി വീണ് മൊറോക്കോ; ഫൈനലില്‍ അര്‍ജന്റീന x ഫ്രാന്‍സ്


ദോഹ: തുടര്‍ച്ചയായ രണ്ടാംവട്ടവും ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പ് സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയോടെയെത്തിയ മൊറോക്കോയുടെ കുതിപ്പിന് അവസാനമായി.

വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സെമി ഫൈനലില്‍ 2-0 ത്തിനാണ് ഫ്രാന്‍സിന്റെ ജയം. ഞായറാഴ്ച രാത്രി 8.30-നു നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും. ശനിയാഴ്ച രാത്രി 8.30-നു നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.

ഫ്രാന്‍സിനുവേണ്ടി തിയോ ഹെര്‍ണാണ്ടസ് (5), റന്‍ഡല്‍ കോളോ മുവാനി (79) എന്നിവര്‍ ഗോള്‍ നേടി. അവരുടെ നാലാം ലോകകപ്പ് ഫൈനല്‍ പ്രവേശമാണിത്. ഇതില്‍ രണ്ടുതവണ അവര്‍ കപ്പ് നേടി. തോല്‍വിയറിയാതെ, ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കു കാണിച്ചാണ് മൊറോക്കോ സെമിവരെ എത്തിയത്. സെമി തുടങ്ങി അഞ്ചാം മിനിറ്റില്‍ത്തന്നെ തിയോ ഹെര്‍ണാണ്ടസിലൂടെ ഫ്രാന്‍സ് മുന്നിലെത്തി.

1958-നു ശേഷം ലോകകപ്പ് സെമിയില്‍ നേടുന്ന വേഗമേറിയ ഗോളായിരുന്നു അത്. പരിക്കേറ്റ നായകന്‍ റൊമെയ്ന്‍ സെയ്സിനെ 21-ാം മിനിറ്റില്‍ത്തന്നെ പിന്‍വലിക്കേണ്ടിവന്നത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. എങ്കിലും അവര്‍ ഫ്രഞ്ച് ഗോള്‍മുഖം ആക്രമിച്ചുകൊണ്ടേയിരുന്നു.

ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ ഡെംബലെയ്ക്കു പകരക്കാരനായി എത്തിയ റന്‍ഡല്‍ കോളോ മുവാനിയുടെ വകയായിരുന്നു. കളത്തിലിറങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ മുവാനി ലക്ഷ്യം കണ്ടു. തന്റെ കളിജീവിതത്തിലെ ആദ്യ അന്താരാഷ്ട്ര ഗോള്‍.

പന്ത് ഏറെനേരം കൈവശം വെച്ചിട്ടും മൊറോക്കോയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. ഫ്രഞ്ച് പ്രതിരോധനിരയുടെ മികച്ച പ്രകടനവും നായകന്‍ കൂടിയായ ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മിന്നുന്ന ഫോമുമാണ് അവര്‍ക്ക് തടസ്സമായി നിന്നത്.