ആരോഗ്യമായി സ്കൂളിൽ പോവുന്ന പല കുട്ടികളും തിരികെയെത്തുന്നത് പനി പിടിച്ച് ക്ഷീണിതരായി; മുൻപെങ്ങും ഇല്ലാത്ത വിധം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്നതായി റിപ്പോർട്ട്, കരുതൽ വേണമെന്ന് വിദഗ്ധർ


കോഴിക്കോട്: ഒരാഴ്ച നീളുന്ന പനിയും ക്ഷീണവും കഴിഞ്ഞ് വീണ്ടും സ്കൂളിലേക്കെത്തി രണ്ടു ദിവസത്തിനുള്ളിൽ പിന്നെയും പനി ബാധിച്ചെത്തും. അതിന്റെ ക്ഷീണം മാറാൻ പിന്നെയും ആഴ്ചകൾ. മുൻപെങ്ങും ഇല്ലാത്ത വിധം സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വൈറല്‍ അണുബാധകള്‍ അടിക്കടിയുണ്ടാകുന്നതായി റിപ്പോർട്ടുകൾ.

സ്കൂൾ ആരംഭിച്ചതിനു ശേഷം നിരവധി കുട്ടികളും സ്കൂൾ ദിനങ്ങളെക്കാൾ പനി ദിനങ്ങളായാണ് ചിലവഴിച്ചിട്ടുള്ളത്. മാസങ്ങളായി സംസ്ഥാനത്തെ രക്ഷിതാക്കൾ നേരിടുന്ന പ്രശ്നമാണിത്. കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്കും ഈ പനി പകരുന്നതായി പറയുന്നു. കോവിഡിന് ശേഷം സ്കൂൾ ആരംഭിച്ചതിനു പിന്നാലെയാണ് ഈ പ്രവണത കണ്ടുതുടങ്ങിയത്. ലോക്ക് ഡൗണിനെത്തുടർന്ന് കുട്ടികൾ വീടിനുള്ളിൽത്തന്നെയായിരുന്നപ്പോൾ രോഗപ്രതിരോധശേഷിയിൽ വന്ന കുറവാണ് വൈറസ് അസുഖങ്ങൾ കൂടാനുള്ള കാരണം എന്നാണ് വിദഗ്ദ്ധാഭിപ്രായം.

ജലദോഷം, കഫക്കെട്ട്, പനി, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങൾ കുട്ടികളിൽ കൂടിയത്. ഈ മാസം ഇതുവരെ 1,22,019 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ പനിയെത്തുടർന്ന് ചികിത്സതേടിയത്. ഇതിൽ പകുതിയിലധികം കുട്ടികളാണ്. മൂന്നുമുതൽ ഒമ്പത് വയസ്സുവരെയുള്ളവരിലാണ് അസുഖം കൂടുതലായി കാണുന്നത്. രാവിലെ ആരോഗ്യമായി സ്കൂളിൽ പോവുന്ന കുട്ടികൾ വൈകുന്നേരം ആകുമ്പോഴേക്കും പനി പിടിച്ചു ക്ഷീണിതരായി തിരികെ വരുന്ന അവസ്ഥയാണെന്ന് മാതാപിതാക്കൾ പറഞ്ഞു.

ഉയർന്ന ശരീര താപനില, പനി ഉള്ള സമയത്ത് ക്ഷീണം, ശരീരവേദന എല്ലാം ഉണ്ടാവും. പനി ഇല്ലാത്ത സമയത്ത് കുട്ടികൾ നല്ല ആക്റ്റീവ് ആയിരിക്കും, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടയിൽ കിരുകിരുപ്പ്, മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചുമ, കണ്ണുകൾ ഇടുങ്ങിയത് ആവുകയും, കണ്ണിൽ നിന്ന് വെള്ളം വരികയും ചെയ്യുക, ചിലർക്ക് ഛർദിയും, വയറിളക്കവും ഉണ്ടാവും. ഇതിൽ എല്ലാ ലക്ഷണങ്ങളും എല്ലാവർക്കും ഉണ്ടാവാറില്ല എന്നതും ശ്രദ്ധിക്കണം.

98.4 ഡിഗ്രി ഫാരന്‍‌ഹീറ്റാണ് ശാരീരിക ഊഷ്മാവ്. 100 ഡിഗ്രി ഫാരന്‍‌ഹീറ്റിലെ പനിക്ക് തീര്‍ച്ചയായും ചികിത്സ വേണ്ടിവരും. 100 മുതല്‍ 102 ഡിഗ്രി ഫാരന്‍‌ഹീറ്റ് വരെ ചെറിയ പനിയാണ്. 102 മുതല്‍ 104 ഡിഗ്രി വരെ മിതമായ പനിയും 104 മുതല്‍ 106 വരെയുള്ള പനി ഗുരുതരമായതുമാണ്. എന്തായാലും 102 ഡിഗ്രിക്ക് മുകളില്‍ പനിയുണ്ടെങ്കില്‍ തീര്‍ച്ചയായും കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നൽകണം.

പനി വരുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും 10 ശതമാനം കൂടുതല്‍ ഊര്‍ജ്ജ വിനിയോഗം നടക്കുകയും പ്രാണവായുവിന്‍റെ ഉപഭോഗവും ശാരീരിക ജലത്തിന്‍റെ ഉപഭോഗവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശിശുരോഗ വിദഗ്ദ്ധരോട് അഭിപ്രായം ചോദിച്ചശേഷമേ കുഞ്ഞുങ്ങള്‍ക്ക് മരുന്ന് നല്‍കാവൂ.

പനി വന്നാല്‍ കുഞ്ഞിന് നല്ല വിശ്രമം നല്‍കണം. ശുദ്ധ വായു ലഭ്യമാക്കണം. തിളപ്പിച്ചാറിയ വെള്ളത്തിൽ മുക്കിയ തുണികൊണ്ട് കുട്ടിയെ തുടയ്ക്കാം, പനി കാരണം ജലാംശം നഷ്ടപ്പെടുന്നതിനാൽ നന്നായി വെള്ളം കുടിപ്പിക്കുക, കുട്ടിക്ക് ലഘുവായിട്ടുള്ള ഭക്ഷണം മാത്രം കൊടുക്കുക. തണുത്തതും പഴകിയതും പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. കുട്ടിക്ക് ആവശ്യത്തിനുള്ളത് മാത്രം നൽകുക.

വൈറൽ പനികൾ വളരെ പെട്ടെന്ന് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്ന ഒന്നാണ്, അസുഖം ഉള്ള ഒരാൾ തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും മറ്റും പുറത്തുവരുന്ന വൈറസ് അസുഖം പടർത്തും. അതിനാൽ തന്നെ പനി ഉള്ള ഒരാൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും പൊത്തി പിടിക്കുക, പനിയുള്ള സമയത്ത് പൊതുസ്ഥലങ്ങളിലും മറ്റുള്ളവരുടെ വീടുകളും സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക. മാസ്ക് ധരിക്കുന്നതും ഉചിതമാകും. കരുതലുണ്ടാവുക, പനി ദിനങ്ങൾ കുട്ടികളുടെ സന്തോഷ ദിനങ്ങളെ കാർന്നെടുക്കാതിരിക്കട്ടെ.