അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ​ഗുരുക്കന്മാർ, ഉയരങ്ങൾ കീഴടക്കിയ കുരുന്നുകൾ; മൂടാടി ഗോഖലെ യു.പി സ്കൂളിൽ യാത്രയയപ്പും അനുമോദന സദസ്സും


മൂടാടി: മൂടാടി ഗോഖലെ യു.പി സ്കൂളിൽ യാത്രയയപ്പും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും വിവിധ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള അനുമോദനവും വിദ്യാർത്ഥികൾക്കായി സഹവാസ ക്യാമ്പും സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മേലടി എ ഇ ഒ വിനോദ്. പി മുഖ്യാതിഥിയായി. സർവീസിൽ നിന്ന് വിരമിക്കുന്ന റീന കെ, ശ്യാമള കെ എന്നിവർക്കും വിവിധ സ്കോളർഷിപ്പുകൾ വിജയിച്ച കുട്ടികൾക്കും പിടിഎ ഒരുക്കിയ മൊമെന്റോയും ചടങ്ങിൽ വിതരണം ചെയ്തു. ചക്കര പന്തൽ എന്നപേരിൽ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള സഹവാസ ക്യാമ്പും നടന്നു.

ആർ പത്മനാഭൻ, ഷിനിൽ വടകര, ജാഫർ പേരാമ്പ്ര, അനീഷ് നന്തി, ഷൈജി നന്തി, ഷെർബില കീഴരിയൂർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് ഫയറും, കടലൂർ ബീച്ചിൽ നാടൻ പാട്ട് കൂടിയ സമാപനവും കുട്ടികൾ എന്നും മനസ്സിൽ ഓർക്കുന്ന ഒന്നായി മാറി.