ഹൃദ്രോഗം, സ്ട്രോക്ക് മുതൽ അകാല മരണത്തിന് വരെ കാരണമായേക്കാം; ഉപ്പെന്ന വില്ലനെക്കുറിച്ച് ലോകാരോഗ്യ സംഘടന


മ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. ഉപ്പ് കൂടിപ്പോയാലും കുറഞ്ഞു പോയാലും തീൻ മേശയിൽ ഒരു യുദ്ധത്തിനുള്ള സാധ്യത തന്നെയുണ്ട്. ശരീരത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സഹായിക്കുന്ന സോഡിയം അമിതമായി ശരീരത്തിലെത്തിയാൽ എന്ത് സംഭവിക്കും ?

ഉപ്പിന്റെ അമിതോപയോഗം മരണകാരണം വരെ ആയേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ.

ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഉപ്പിൻ്റെ അളവ് കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. 2025-ഓടെ സോഡിയം ഉപഭോഗം 30% കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കാൻ ലോകാരോഗ്യ സംഘടന പുറത്തുവിട്ട ആദ്യ ആഗോള റിപ്പോർട്ടിലാണ് ഉപ്പ് അമിതമായി ശരീരത്തിലെത്തിയാൽ ഉണ്ടായേക്കാവുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.ഹൃദ്രോഗം, സ്ട്രോക്ക്, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നതിൽ ഒരു പ്രധാന വില്ലൻ ഉപ്പാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. WHO അംഗരാജ്യങ്ങളിൽ 5% മാത്രമേ നിർബന്ധിതവും സമഗ്രവുമായ സോഡിയം കുറയ്ക്കൽ നയങ്ങളാൽ സംരക്ഷിക്കപ്പെടുന്നുള്ളൂവെന്ന് റിപ്പോർട്ടിൽ പ്രത്യേകം പറയുന്നുണ്ട്.

ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും നാഡികളുടെ പ്രവർത്തനം സുഗമമാക്കുന്നതിലും ഉപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അമിതോപയോഗം വിട്ടുമാറാത്ത രോഗങ്ങളിലേക്കും അകാല ചരമത്തിലേക്കും വരെ വഴി തെളിക്കാം.സോഡിയം ക്ലോറൈ‍ഡാണ് ഉപ്പിലെ പ്രധാന ഘടകം. എന്നാൽ സോഡിയം ഗ്ലൂട്ടാമേറ്റ് പോലുള്ള മറ്റ് അപകട ചേരുവകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡ്, പാക്ക്ഡ് സ്‌നാക്ക്‌സ്, സൂപ്പ്, സംസ്‌കരിച്ച മാംസം, ഇൻസ്റ്റൻ്റ് നൂഡിൽസ് എന്നിങ്ങനെയുള്ള ന്യൂ ജെൻ ഭക്ഷണങ്ങളിലൊക്കെത്തന്നെ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. പതിവായി ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ പതിയെ നമ്മുടെ ആരോഗ്യം ക്ഷയിക്കും.

ആഗോള ശരാശരി ഉപ്പ് ഉപഭോഗം പ്രതിദിനം 10.8 ഗ്രാം ആണെന്ന് കണക്കാക്കപ്പെടുന്നു, ഇത് പ്രതിദിനം 5 ഗ്രാമിൽ താഴെ ഉപ്പ് (ഒരു ടീസ്പൂൺ) എന്ന ലോകാരോഗ്യ സംഘടനയുടെ ശുപാർശയുടെ ഇരട്ടിയിലധികമാണ്. വളരെയധികം ഉപ്പ് കഴിക്കുന്നത് ഉയർന്ന സോഡിയം കഴിക്കുന്നതും ഗ്യാസ്ട്രിക് ക്യാൻസർ, അമിതവണ്ണം, ഓസ്റ്റിയോപൊറോസിസ്, കിഡ്‌നി രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ തെളിവുകൾ പുറത്തുവരുന്നതായി ലോകാരോഗ്യ സംഘടനയുടെ, റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യ ഉൾപ്പെടെ 75 ശതമാനം രാജ്യങ്ങളിൽ അമിതമായ ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണുള്ളത്.

ഉപ്പിൻ്റെ ഉപയോ​ഗം കൂടുന്നത് തലച്ചോറിലെ സ്ട്രെസ് ഹോർമോണുകളെ 60 മുതൽ 75 ശതമാനം വരെ ഉയർത്തുമെന്നും പഠനങ്ങളുണ്ട്. ഉയർന്ന രക്തസമ്മർദ്ദമുള്ള 60 ശതമാനം രോ​ഗികളും അമിത ഉപ്പ് ഉപയോ​ഗിക്കുന്നവരാണെന്ന് പറയുന്നു. രക്തസമ്മർദ്ദം കൂട്ടുന്നത് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം എന്നിവ വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു. മറവി അഥവ ഡിമെൻഷ്യ എന്ന രോ​ഗത്തിനും അമിത ഉപയോ​ഗത്തിന് കാരണമാകും. വലിയൊരു പിടി ഉപ്പിനോട് ചെറിയൊരു പിടി അകലം പാലിച്ചില്ലെങ്കിൽ ആരോഗ്യം എന്നെന്നേയ്ക്കുമായി അവതാളത്തിലാകും