‘വാട്ട്‌സ്ആപ്പിലെ വോയിസ്, വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യും, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എല്ലാം സര്‍ക്കാര്‍ നിരീക്ഷിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്? യാഥാര്‍ത്ഥ്യം അറിയാം
നൂറുകണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പില്‍ ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത്. ഇവയില്‍ ശരിയായ സന്ദേശങ്ങളും തെറ്റായ സന്ദേശങ്ങളും എല്ലാം ഉള്‍പ്പെടുന്നു. അത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വന്‍തോതില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇവിടെ.
‘നാളെ മുതല്‍ വാട്ട്‌സ്ആപ്പിനും വാട്ട്‌സ്ആപ്പ് കോള്‍സിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സന്ദേശമാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കാട്ടുതീ പോലെ പടരുന്നത്. ഈ സന്ദേശം ശരിയാണെന്ന് വിശ്വസിച്ച് നിരവധി ഉപഭോക്താക്കള്‍ ആശങ്കയിലായിരിക്കുകയാണ്.
വാട്ട്‌സ്ആപ്പിന് പുറമെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയകളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു എന്നും സന്ദേശത്തില്‍ പറയുന്നു. ഫോണ്‍ മിനിസ്ട്രി സിസ്റ്റത്തോട് കണക്ട് ചെയ്യപ്പെടും, സര്‍ക്കാറിനോ പ്രധാനമന്ത്രിക്കോ എതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുത്, രാഷ്ട്രീയവും മതപരവുമായ മെസേജുകള്‍ അയക്കുന്നത് ശിക്ഷാര്‍ഹമാണ്, അങ്ങനെ ചെയ്താല്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടും എന്നിങ്ങനെ പോകുന്നു വൈറല്‍ സന്ദേശം.
കൂടാതെ വാട്ട്‌സ്ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്കൊപ്പം മൂന്ന് ശരി അടയാളങ്ങള്‍ വന്നാല്‍ നിങ്ങള്‍ അയച്ച സന്ദേശം സര്‍ക്കാര്‍ കണ്ടു, ഇതില്‍ രണ്ട് ശരികള്‍ നീലയിലും ഒരെണ്ണം ചുവപ്പ് നിറത്തിലും വന്നാല്‍ സര്‍ക്കാര്‍ ആക്ഷനെടുത്തേക്കാം, ഒരു നീലയും രണ്ട് ചുവപ്പുമാണെങ്കില്‍ നിങ്ങള്‍ അയച്ച മെസേജ് സര്‍ക്കാര്‍ പരിശോധിക്കുകയാണ്, മൂന്ന് ചുവപ്പ് ശരികളാണെങ്കില്‍ നിങ്ങള്‍ക്കെതിരായ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു എന്നിങ്ങനെയാണ് അര്‍ത്ഥങ്ങളെന്നും സന്ദേശത്തില്‍ പറയുന്നു.
എന്താണ് സത്യാവസ്ഥ
ഇത് പൂര്‍ണ്ണമായും വ്യാജമായ സന്ദേശമാണ്. ആരോ പടച്ചുവിട്ട ഇംഗ്ലീഷ് ഭാഷയിലുള്ള കിംവദന്തി സന്ദേശം മലയാളഭാഷയിലാക്കിയതാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്. ഈ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി കേരളാ പൊലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപത്തിൽ:
ദേ പിന്നേം….
എല്ലാ വാട്‌സ് ആപ്പ് കാളുകളും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നുമുള്ള രീതിയില്‍ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ല. രണ്ടു മൂന്ന് വര്‍ഷം മുന്നേ ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയര്‍ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.
#keralapolice #fakenews