യു.രാജീവന്‍ മാഷിന്റെ സംസ്‌ക്കാരം ഉച്ചയ്ക്ക്; കൊയിലാണ്ടി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം


കൊയിലാണ്ടി: അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ മാഷിന്റെ മൃതദേഹം രാവിലെ കോഴിക്കോട് ഡി.സി.സി ഓഫീസിലെത്തിക്കും. രാവിലെ ഒമ്പത് മണിമുതല്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. അരമണിക്കൂറിന് ശേഷം മൃതദേഹം ജന്മനാടായ കൊയിലാണ്ടിയിലേക്ക് കൊണ്ടുവരും. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 10.30 മുതല്‍ പൊതുദര്‍ശനം വെക്കും. തുടര്‍ന്ന് 11 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.

അര്‍ബുദ രോഗത്ത് തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ അധ്യാപന ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനംഗത്ത് കഴിവുതെളിയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വഹാക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.