മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്റർ അന്തരിച്ചുകൊയിലാണ്ടി:
മുന്‍ ഡി.സി.സി. പ്രസിഡന്റ് പുളിയഞ്ചേരി ഉണിത്രാട്ടില്‍ യു. രാജീവന്‍ മാസ്റ്റര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനംഗത്ത് കഴിവുതെളിയിച്ചത്.


യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വഹാക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.


ഉണിത്രാട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര (അധ്യാപിക). മക്കള്‍: രജീന്ദ് (സോഫ്റ്റ് വേര്‍), ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍).