രോഗികളെ നേരാംവണ്ണം ചികിത്സിക്കാതെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് നഗരസഭ; ചെയര്‍പേഴ്‌സണോട് അപമര്യാദയായി പെരുമാറിയ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഡി.എം.ഒയ്ക്ക് പരാതി നല്‍കും


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ നഗരസഭ ചെയര്‍പേഴ്‌സണോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡി.എം.ഒയ്ക്ക് പരാതി നല്‍കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികളെ നേരാംവണ്ണം ചികിത്സിക്കാതെ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിടുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും അവര്‍ അറിയിച്ചു.

പെരുവട്ടൂരിലെ ബഡ്‌സ് സ്‌കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ റോഡരികില്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന കുട്ടിയെ വാഹനത്തിലേക്ക് കയറ്റുകയായിരുന്നെന്നാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍ പറഞ്ഞത്. പന്തലായനി സ്വദേശിയായ കുട്ടിയെ ചെയര്‍പേഴ്‌സണ് നേരത്തെ പരിചയമുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് കുട്ടിയ്ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ വിളിച്ച് കാര്യമറിയിക്കുകയും വാഹനം വേഗത്തില്‍ ആശുപത്രിയിലേക്ക് വിടുകയുമായിരുന്നു.

ആശുപത്രിയിലെത്തുമ്പോഴേക്കും അവിടെയുള്ള വളണ്ടിയര്‍മാര്‍ തയ്യാറായിരുന്നു. കുട്ടിയെ സ്ട്രച്ചറില്‍ അകത്തേക്ക് കൊണ്ടുപോയി ഡ്യൂട്ടി ഡോക്ടറായിരുന്ന ഡോക്ടര്‍ നിമിഷയെ കാണിച്ചു. കുട്ടിയുടെ ബന്ധുക്കളെ പരിചയമുള്ളതിനാല്‍ മുമ്പും ഈ രീതിയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും നിലവില്‍ ചികിത്സ നടക്കുന്നുണ്ടെന്നും ചെയര്‍പേഴ്‌സണ് അറിയാമായിരുന്നു. അതിനാല്‍ വീട്ടുകാരെ വിളിച്ച് കാര്യം അറിയിക്കുകയും മുമ്പ് ഇതുപോലെ വന്നാല്‍ ചെയ്യാറുള്ള കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. അപസ്മാരത്തിനുള്ള ഇഞ്ചക്ഷനും മറ്റുമായി പ്രാഥമിക ചികിത്സ നല്‍കിയ ഉടന്‍ ഡോക്ടര്‍ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ അതിന്റെ ആവശ്യമുണ്ടോയെന്ന് ചെയര്‍പേഴ്‌സണ്‍ ചോദിച്ചപ്പോള്‍ വളരെ മോശമായ രീതിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയായിരുന്നു. ‘ചെയര്‍പേഴ്‌സണ്‍ എന്ന പദവിയെ മാനിക്കേണ്ട, Jരോഗിയുമായെത്തുന്ന സാധാരണക്കാരോട് ഇങ്ങനെ പെരുമാറാമോ? ‘എന്നാല്‍ നിങ്ങളങ്ങ് ചികിത്സിച്ചേക്കൂ’ എന്നുള്ള രീതിയിലായിരുന്നു ഡോക്ടറുടെ പെരുമാറ്റമെന്നും ഷിജുമാസ്റ്റര്‍ പറഞ്ഞു.


”എനിക്ക് ഇത്രയേ പറ്റൂ, പറ്റുമെങ്കില്‍ നിങ്ങള് ഇരുന്ന് പരിശോധന നടത്തിക്കോ” അസുഖബാധിതയായ കുട്ടിയെ കാര്യമായി പരിശോധിക്കാതെ റഫര്‍ ചെയ്തത് ചോദ്യം ചെയ്ത ചെയര്‍പേഴ്‌സണോട് മോശമായി പെരുമാറി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍


തുടര്‍ന്ന് മെഡിസിന്‍ വിഭാഗത്തിലെ മറ്റൊരു ഡോക്ടര്‍ കുട്ടിയെ പരിശോധിക്കുകയും അല്പസമയത്തിനകം കുട്ടിയുടെ സ്ഥിതി മെച്ചപ്പെടുകയും ചെയ്തു. ഇതിനിടെ കുട്ടിയുടെ രക്ഷിതാക്കളും സ്ഥലത്തെത്തി. നേരത്തെയും ഇത്തരത്തില്‍ അപസ്മാരവുമായി ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും വഴിയില്‍ വെച്ചുതന്നെ കുട്ടിയുടെ നില മെച്ചപ്പെടുകയും മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ ഇങ്ങോട്ട് റഫര്‍ ചെയ്യാനുള്ള സാഹചര്യമെന്തായിരുന്നെന്ന് അവര്‍ തന്നെ ചോദിച്ച അവസ്ഥയുണ്ടായിട്ടുണ്ടെന്ന് രക്ഷിതാക്കളും പറഞ്ഞു. അസുഖം വന്ന കുട്ടിയെ പിന്നീട് വീട്ടുകാര്‍ക്കൊപ്പം വിട്ടു. കുട്ടി ഇപ്പോള്‍ സുഖമായിരിക്കുന്നു.

ഈ പ്രശ്‌നങ്ങള്‍ക്കുശേഷവും ഡ്യൂട്ടി ഡോക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ മുമ്പത്തെ അതേ രീതിയിലാണ് പെരുമാറിയതെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് ഡി.എം.ഒയ്ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായ പരാതിയാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. ഉയര്‍ന്ന പരാതികളില്‍ ഒന്ന് നിസാര പ്രശ്‌നങ്ങള്‍ക്കായി ആശുപത്രിയിലെത്തുന്നവരെപ്പോലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നുവെന്നതായിരുന്നു. രാത്രികാലങ്ങളില്‍ ഇത് പതിവാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.


‘വേണ്ട സമയത്ത് ജനങ്ങQള്‍ക്ക് ഉപകാരപ്പെടില്ലെങ്കില്‍ പിന്നെന്തിനാണീ താലൂക്ക് ആശുപത്രി!’ പോസ്‌ററ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടറുടെ നടപടി താലൂക്ക് ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപത്തിലൊന്ന് മാത്രമെന്ന് നാട്ടുകാര്‍, പ്രതിഷേധമുയരുന്നു