‘വേണ്ട സമയത്ത് ജനങ്ങള്‍ക്ക് ഉപകാരപ്പെടില്ലെങ്കില്‍ പിന്നെന്തിനാണീ താലൂക്ക് ആശുപത്രി!’ പോസ്‌ററ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടറുടെ നടപടി താലൂക്ക് ആശുപത്രിയിലെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദ സമീപത്തിലൊന്ന് മാത്രമെന്ന് നാട്ടുകാര്‍, പ്രതിഷേധമുയരുന്നു


കൊയിലാണ്ടി: കുഴഞ്ഞുവീണ് മരിച്ച ഓട്ടോ റിക്ഷാ തൊഴിലാളിയെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിസമ്മതിച്ച സംഭവത്തിന് പിന്നാലെ ആശുപത്രിയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു. ആശുപത്രിപത്രി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ സമീപത്തിലൊന്ന് മാത്രമാണിതെന്നാണ് നാട്ടുകാരും താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളും പറയുന്നത്.

ഇന്ന് രാവിലെയാണ് കൊല്ലം ചിറയ്ക്ക് സമീപമുള്ള കൂട്ടുംമുഖത്ത് ജിനീഷ് കുഴഞ്ഞുവീണു മരിച്ചത്. ജീനീഷിന്റെ വീട് കഴിഞ്ഞദിവസം തേച്ചിരുന്നു. ഇന്ന് രാവിലെ ഇതിന് നനയ്ക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടനെ കൊല്ലത്തെ സ്വകാര്യ ഹോസ്പിറ്റലിലെത്തിക്കുകയും അവിടെ നിന്നും കൂടുതല്‍ സൗകര്യമുള്ള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തുംമുമ്പ് ജിനീഷ് മരണപ്പെട്ടിരുന്നു.

ആദ്യഘട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ കഴിയില്ലെന്ന് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ അഷ്‌റഫ് പറഞ്ഞിരുന്നില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ജിനീഷിനെ ആദ്യം പരിശോധിച്ച സ്വകാര്യ ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. ജിനീഷിനെ ആശുപത്രിയിലെത്തിച്ചവരുടെയും മറ്റും മൊഴി പൊലീസ് എടുത്തിരുന്നു. പൊലീസോ ജിനീഷിന്റെ ബന്ധുക്കളോ മരണത്തില്‍ അസ്വാഭാവികതയൊന്നും ആരോപിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഡ്യൂട്ടി ഡോക്ടറായ അഷ്‌റഫ് പോസ്റ്റുമോര്‍ട്ടം നടത്തില്ലെന്ന് പറഞ്ഞതോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോവേണ്ടിവന്നു.

45 വയസിന് താഴെ പ്രായമുള്ളവര്‍ മരിച്ചാല്‍ ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യാനാവില്ലെന്നും ജില്ലാ ആശുപത്രിയിലോ മെഡിക്കല്‍ കോളേജിലോ കൊണ്ടുപോകണമെന്നായിരുന്നു ഡോക്ടര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം എഴുതിനല്‍കണമെന്ന് ജിനീഷിന് ഒപ്പമുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ജിനീഷിന്റെ സുഹൃത്തുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പതിനേഴും പതിനെട്ടും പ്രായമുള്ളവരെ വരെ അടുത്തകാലത്ത് ഇവിടെ നിന്നും പോസ്റ്റുമോര്‍ട്ടം ചെയ്തതായി അറിയാമെന്നും ഡോക്ടര്‍ ഒഴിവ് കഴിവ് പറഞ്ഞതാണെന്നുമാണ് കൂടെയുണ്ടായിരുന്നവര്‍ ആരോപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയില്‍ ഒരു റിട്ടയര്‍മെന്റ് പാര്‍ട്ടി നടന്നിരുന്നു. ഈ പാര്‍ട്ടിയിലും മറ്റും പങ്കെടുക്കേണ്ടതിനാലാവാം ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തയ്യാറാവാതിരുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.

നിസാര രോഗങ്ങള്‍ക്ക് പോലും ഇവിടെ ചികിത്സയ്‌ക്കെത്തുന്ന രോഗികളെ ഇത്തരത്തില്‍ കോഴിക്കോട്ടെ ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നത് പതിവാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഇതിനാകട്ടെ ആശുപത്രിയിലെ രണ്ട് ആംബുലന്‍സുകളുള്ളതില്‍ രണ്ടും ഉപയോഗിക്കാറുമില്ല. 108 ആംബുലന്‍സ് വിളിച്ചുനല്‍കുകയോ രോഗികള്‍ സ്വന്തം നില വലിയ തുക നല്‍കി സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്.

സ്‌പെഷ്യാലിറ്റി ഒ.പികളില്‍ ഒരു ദിവസം 30 ഒ.പി ടിക്കറ്റുകളാണ് നല്‍കുന്നത്. നേരത്തെ 100, 130ഒക്കെ രോഗികളെ ചികിത്സിച്ചിരുന്നിടത്താണിത്. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് സൗകര്യം ചെയ്തുകൊടുക്കുന്നതിനുവേണ്ടിയാണിതെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. മാസങ്ങളോളം മെഡിക്കല്‍ ലീവെടുത്ത് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥിതിയുണ്ടെന്നും ഇതുകാരണം ചില ഒ.പികള്‍ കാലങ്ങളായി പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ടെന്നും രോഗികള്‍ പറയുന്നു.

ആശുപത്രിയില്‍ നിലവിലുള്ള സൗകര്യങ്ങളില്‍ പലതും ഫലപ്രദമായി ഉപയോഗിക്കുന്നില്ല. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ലക്ഷ്യ സ്റ്റാന്റേര്‍ഡ് പ്രസവ വാര്‍ഡുകളില്‍ വിരലിലെണ്ണാവുന്ന പ്രസവങ്ങള്‍ മാത്രമാണ് നടന്നത്. അതും വലിയ തോതില്‍ വിമര്‍ശനമുയര്‍ന്ന വേളയില്‍ മാത്രമാണ് നടന്നത്. ഇവിടെ പ്രവസിക്കാന്‍ തയ്യാറാവുന്നവരെപ്പോലും പല കാരണങ്ങള്‍ പറഞ്ഞ് മറ്റ് ആശുപത്രികളിലേക്ക് അയക്കുന്ന സ്ഥിതിയാണെന്നും ആക്ഷേപമുണ്ട്.

ലാബ് സൗകര്യവും ഇ.സി.ജി സൗകര്യവുമൊക്കെയുണ്ടെങ്കിലും അങ്ങേയറ്റം സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിക്കുംവിധമാണ് ഇത് നടപ്പിലാക്കുന്നത്. ഒ.പിയില്‍ കാണിക്കുന്ന ഒരാളോട് ലാബ് ടെസ്റ്റിന് ഡോക്ടര്‍ എഴുതി നല്‍കിയാല്‍ അയാള്‍ ബില്ലടക്കാന്‍ പോകണം. ബില്ലടക്കാന്‍ പോയാല്‍ അവിടെ നിന്നും ഓരോ ടെസ്റ്റിന്റെയും ഫീസ് ലാബില്‍ പോയി എഴുതി വാങ്ങി നല്‍കാന്‍ പറയും. ലാബിന് മുമ്പില്‍ ക്യൂ നിന്ന് ഇത് എഴുതി വാങ്ങി വീണ്ടും ബില്ലടയ്ക്കാന്‍ ക്യൂ നില്‍ക്കണം. ബില്ല് അടച്ചശേഷം വീണ്ടും ലാബിന് മുമ്പില്‍ സാമ്പിള് നല്‍കാനായി ക്യൂ നില്‍ക്കണം. അതിനുശേഷം റിസള്‍ട്ട് വാങ്ങാന്‍, പരിശോധഫലം ഡോക്ടറെ കാണിക്കാന്‍, ഡോക്ടര്‍ മരുന്ന് എഴുതിയാല്‍ മരുന്ന് വാങ്ങാനായി ഇങ്ങനെ എട്ടുമണിക്ക് മുമ്പ് ആശുപത്രിയിലെത്തിയ രോഗി മൂന്നുമണിക്കും നാലുമണിക്കുമൊക്കെ ചികിത്സ കഴിഞ്ഞ് മടങ്ങുന്ന സ്ഥിതിയാണുള്ളതെന്നും രോഗികള്‍ പറയുന്നു.