മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിലായതോടെ വാഹനത്തില്‍ കയറ്റി കൈനാട്ടി മേല്‍പ്പാലത്തിന് താഴെത്തള്ളി; യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്, ഏറാമല സ്വദേശി അറസ്റ്റില്‍
വടകര: ചോറോട് കൈനാട്ടി മേല്‍പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഏറാമലയിലെ എടോത്ത് മീത്തല്‍ വിജീഷിനെയാണ്(33) അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
താഴെഅങ്ങാടി വലിയ വളപ്പില്‍ ചെറാകൂട്ടിന്റെവിട ഫാസില്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഏറാമല കുന്നുമ്മക്കരയില്‍ മയക്കു മരുന്ന സംഘത്തില്‍പ്പെട്ട രണ്ട് പേര് മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വിജീഷിനെ പറ്റി പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഫാസിലിന്റെ മരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. കേസില്‍ മൂന്ന് പേര്‍ക്കെതിരെ വടകര പോലീസ് നരഹത്യക്ക് കേസ് എടുത്തിരുന്നു.
2023 സെപ്തംബര്‍ 13ന് പുലര്‍ച്ചെയോടെയാണ് ഫാസിലിനെ കൈനാട്ടി മേല്‍പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരായിരുന്നു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് സമീപത്തായി ചോര പുരണ്ട രീതിയില്‍ ഇയാളുടെ സ്ക്കൂട്ടറുമുണ്ടായിരുന്നു. മൂക്ക്, ചെവി, വായ എന്നിവയില്‍ നിന്നെല്ലാം രക്തം ഒലിച്ചിറങ്ങിയ നിലയിലായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ഫാസില്‍ വിദേശത്ത് നിന്നും നാട്ടിലെത്തിയത്.
അറസ്റ്റിലായ വിജീഷിന്റെ കുന്നുമ്മക്കരയിലെ വീട്ടില്‍ വച്ചാണ് മരിച്ച ഫാസില്‍ മയക്കുമരുന്ന് ഉപയോഗിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിക്കാനായി വിജീഷും മറ്റ് രണ്ട്പേരും വാഹനത്തില്‍ കയറ്റി. എന്നാല്‍ കൈനാട്ടി മേല്‍പ്പാലത്തിന് സമീപത്തെത്തിയപ്പോള്‍ ആശുപത്രിയില്‍ പോവാനുള്ള തീരുമാനം മാറ്റി ഇയാളെ മേല്‍പ്പാലത്തിന് താഴെ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീജിഷ് കുന്നുമ്മക്കരയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് പറയുന്നത്.