കണ്ണിലെ ഇരുട്ടിനെ അക്ഷര വെളിച്ചമാക്കാൻ മുചുകുന്നിലെ സഹോദരങ്ങളായ മുനീറും ജസീലയും എത്തി; സാക്ഷരതാ മിഷന്റെ തുല്യതാ പഠന ക്ലാസിന് കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം (വീഡിയോ കാണാം)


കൊയിലാണ്ടി: മുചുകുന്ന് സ്വദേശികളായ മുനീറും ജസീലയും പത്താം തരം തുല്യതാ പഠനത്തിന് തുടക്കം കുറിച്ചു. ജന്മനാ അന്ധരായ ഈ സഹോദരങ്ങൾ സാക്ഷരതാ മിഷന്റെ തുടർ പഠനതിലൂടെയാണ് തുല്യതാ നാല്, ഏഴ് ക്ലാസുകൾ വിജയകരമായി പൂർത്തിയാക്കിയത്. പത്തിനു ശേഷം ഹയർ സെക്കന്ററി തുല്യതയും നേടണമെന്നാണ് ഇവരുടെ ആഗ്രഹം.

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ ക്ലാസ് കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു.

പത്ത്, ഹയർ സെക്കന്ററി തുല്യതാ പാഠപുസ്തക വിതരണവും അവർ നടത്തി. സ്കൂൾ പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. തുല്യതാ അധ്യാപകരായ കെ.ഗീതാനന്ദൻ, പി.ഗിരീഷ് കുമാർ, ബ്ലോക്ക് നോഡൽ പ്രേരക് എം.ദീപ, അരിക്കുളം പ്രേരക് പി.വിജയശ്രീ, കെ.സീതാമണി എന്നിവർ സംസാരിച്ചു.

വീഡിയോ കാണാം: