തൃശ്ശൂര്‍ പൂര നഗരിയില്‍ ആനയിടഞ്ഞു



തൃശൂര്‍: തൃശൂര്‍ പൂരനഗരിയില്‍ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധര്‍മ്മന്‍ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച് ഇടഞ്ഞത്. ആന അല്‍പ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലില്‍ ആനയെ ശാന്തമാക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. പക്ഷേ കൂട്ടു വിലങ്ങുണ്ടായതിനാല്‍ വലിയ അപകടങ്ങള്‍ സംഭവിച്ചില്ല. വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി വന്നു നിന്നപ്പോഴേക്കും എലിഫന്റ് ടാസ്‌ക് ഫോഴ്സും പാപ്പാന്‍മാരും ചേര്‍ന്ന് തോട്ടി ഉപയോഗിച്ച് ആനയെ തളച്ചു.

ഇടഞ്ഞ ആനയുടെ പുറകെ മൊബൈല്‍ ക്യാമറകളുമായി ജനങ്ങളും ഓടിയതോടെ ആന കൂടുതല്‍ മുന്നോട്ട് പോയി. പൊലീസും സംഘാടകരും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു.