ആ തലയെടുപ്പും അഴകളവും ഇനിയില്ല: കൊമ്പന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു


തൃശൂര്‍: ഒന്നര പതിറ്റാണ്ട് തൃശൂര്‍ പൂരത്തില്‍ പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന കൊമ്പന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളര്‍ച്ചയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ പാറമേക്കാവിന്റെ ആനക്കൊട്ടിലിലായിരുന്നു അന്ത്യം. അറുപത് വയസിലേറെ പ്രായമുണ്ട്.

കാലില്‍ നീര്‍കെട്ടിനെ തുടര്‍ന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികില്‍സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്.

2005ലാണ് പത്മനാഭന്‍ പാറമേക്കാവിലെത്തുന്നത്. തലപ്പൊക്കത്തിലും അഴകളവിലും പേരെടുത്ത ഗജവീരന്മാര്‍ക്കൊപ്പമായിരുന്നു പത്മനാഭന്റെ സ്ഥാനം. പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരില്‍ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു.

ചൊവ്വാഴ്ച പാടുക്കാട് ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിനുശേഷം കോടനാട് സംസ്‌കരിക്കും.

Summary: elephant Paramekkavu Pathmanabhan dies at 60