കോളേജുകളില്‍ ഇനി ക്യാമ്പസ് ഫ്രണ്ട് ഇല്ല; നിരോധിക്കപ്പെട്ടവയില്‍ ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകള്‍


ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എട്ട് അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരളഎന്നീ സംഘടനകളെയാണ് നിരോധിച്ചത്. ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ലംഘിച്ച് ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചാല്‍ 2 വര്‍ഷം വരെ തടവും ലഭിക്കാം.

രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് നിരോധന ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു.

പി.എഫ്.ഐക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇത്തരം അന്താരാഷ്രട തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നുവെന്നും ഉത്തരവില്‍ പറയുന്നു. രാജ്യവ്യാപകമായി അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തിയതായും നിരോധനത്തിന് കാരണമായി പറയുന്നു.

നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. യു.എ.പി.എ നിയമപ്രകാരം ആഭ്യന്തരമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

summary: eight affiliates of the Popular Front, including the Campus Front band