കൊയിലാണ്ടിയില്‍ മതിലായി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല: കണ്ണികളായത് ഇരുപതിനായിരത്തിലേറെയാളുകള്‍
കൊയിലാണ്ടി: ‘ഇനിയും സഹിക്കണോ കേന്ദ്ര അവഗണന’ മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കൊയിലാണ്ടിയില്‍ വന്‍ജന പങ്കാളിത്തം. പതിനാറ് കിലോമീറ്റര്‍ ദൂരത്തിലായി ഇരുപതിനായിരത്തിലേറെ ആളുകളാണ് മനുഷ്യച്ചങ്ങലയില്‍ കണ്ണികളായത്.
കൊയിലാണ്ടി മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളാണ് കൊയിലാണ്ടി ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമേ ഡി.വൈ.എഫ്.ഐ താമരശ്ശേരി, ബാലുശ്ശേരി, കക്കോടി ബ്ലോക്കില്‍ നിന്നുളളവരും കൊയിലാണ്ടിയിലാണ് ചങ്ങലയില്‍ അണിചേര്‍ന്നത്.
മനുഷ്യച്ചങ്ങലയുടെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.അരുണ്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു അധ്യക്ഷനായിരുന്നു.
ബ്ലോക്ക് എക്‌സിക്യുട്ടീവ് അംഗം നിധിന്‍ലാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ്, മുന്‍.എം.എല്‍.എ കെ.ദാസന്‍, ടി.കെചന്ദ്രന്‍, ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, സ്റ്റാന്റിങ് കമ്മിറ്റിയംഗം കെ.ഷിജുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് പ്രതിജ്ഞ ചൊല്ലി, ബ്ലോക്ക് ട്രഷറര്‍ പി.വി അനുഷ നന്ദി രേഖപ്പെടുത്തി.